crime

നെടുമങ്ങാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ ഉൾപ്പെടെ നാലംഗ വ്യാജവാറ്റ് സംഘം പൊതുസ്ഥലത്ത് ഏറ്റുമുട്ടലിനിടയിൽ നെടുമങ്ങാട് പൊലീസിന്റെ വലയിലായി.

കരിക്കുഴി മാങ്കുഴി തടത്തരികത്തുവീട്ടിൽ കരിമൺ എന്ന എ. ഷജീർ (41), വേട്ടമ്പള്ളി വാഴോട്ട് സുധീർ മൻസിലിൽ ഖുറാൽ എന്ന സുധീർ (34), കരിക്കുഴി ചന്ദ്രമൻ കൊക്കോട് ജാന ഭവനിൽ ബി. പങ്കജാക്ഷൻ ( 57), ചന്ദ്രമൻ കൊക്കോട് റാണി വിലാസത്തിൽ ബി. കുമാർ (30) എന്നിവരാണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പനവൂർ മുളമുക്കിൽ ഇവർ ഏറ്റുമുട്ടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുമാറിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ 1,000 ലിറ്റർ കോടയും 19 ലിറ്റർ ചാരായവും ഒന്നരലക്ഷം രൂപ വിലവരുന്ന വാറ്റ് ഉപകരണങ്ങളും ചാരായ കടത്തിന് ഉപയോഗിച്ച വാഹനങ്ങളും കണ്ടെത്തി. റബർ ത്തോട്ടത്തിൽ ഒളിപ്പിച്ച നിലയിലാണ് ചാരായവും കണ്ടെത്തിയത്. ഒരു കുപ്പിക്ക് 1,800 രൂപ വരെ ഈടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.