തിരുവനന്തപുരം: റവന്യു വകുപ്പിലെ സ്‌തുത്യർഹ സേവനത്തിന് ഗുഡ് സർവീസ് എൻട്രി ലഭിച്ച ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതിനെതിരെ പ്രതികരിച്ച സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനറും സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റും സീനിയർ അഡിഷണൽ സെക്രട്ടറിയുമായ ജെ. ബെൻസിയെ സെക്രട്ടേറിയറ്റ് കാമ്പസിൽ നിന്ന് സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെ ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. ഉത്തരവ് അടിയന്തരമായി പിൻവലിച്ച് കാമ്പസിനുള്ളിൽത്തന്നെ നിയമിക്കണമെന്നും ജീവനക്കാർക്ക് സത്യസന്ധമായും നിഷ്പക്ഷമായും കൃത്യനിർവഹണം നടത്താൻ സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം ഉൾപ്പെടെയുള്ള സമരപരമ്പരകൾ നടത്താൻ യോഗം രൂപംനൽകി. ജനറൽ സെക്രട്ടറി ഡി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ ജ്യോതിഷ്, അനിൽകുമാർ, ലളിത്, സജീവ് പരശിവിള, എൻ. റീജ, പ്രസീന, പാത്തുമ്മ, വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.