china

മനുഷ്യന്റെ സാന്നിദ്ധ്യത്തിന് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധിയുടെ സാദ്ധ്യതകൾക്ക് മുൻഗണന നൽകിയുള്ള സാങ്കേതികവിദ്യകൾ പ്രതിരോധ മേഖലയിൽ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന ഗവേഷണങ്ങളിലാണ് പല വികസിത രാജ്യങ്ങളും.

വർദ്ധിച്ചു വരുന്ന സംഘർഷങ്ങളും മത്സരബുദ്ധിയും കണക്കിലെടുത്ത് ഇത്തരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയുധങ്ങളുടെയും മറ്റും ഗവേഷണങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. അത്തരത്തിൽ

ആരുടെയും കണ്ണിൽപ്പെടാതെ കടലിൽ മറഞ്ഞിരിക്കാനും ശത്രുരാജ്യത്തിന്റെ കപ്പലുകളെയും അന്തർവാഹിനികളെയും ടോർപ്പിഡോകൾ ഉപയോഗിച്ച് തകർത്തെറിയാനും ശേഷിയുള്ള മാരകമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിനെ വികസിപ്പിക്കുകയാണ് ചൈന.

ഈ റോബോട്ടിന് മനുഷ്യന്റെ മാർഗനിർദ്ദേശമില്ലാതെ പ്രവർത്തിക്കാനാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അൺമാൻഡ് അണ്ടർവാട്ടർ വെഹിക്കിൾ ( Unmanned underwater vehicle - UUV ) വിഭാഗത്തിൽപ്പെടുന്ന ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് പത്ത് വർഷങ്ങൾക്ക് മുന്നേ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ടിരുന്നു.

തായ്‌വാൻ കടലിടുക്കിൽ ഈ റോബോട്ടിന്റെ പരീക്ഷണങ്ങൾ ചൈന നടത്തിയതായും വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 30 അടി താഴ്ചയിലേക്ക് സഞ്ചരിച്ച ഈ യു.യു.വി കടലിന്റെ അടിത്തട്ടിലൊരുക്കിയിരുന്ന ഡമ്മി അന്തർവാഹിനിയെ കണ്ടെത്തുകയും ടോർപി‌ഡോ ഉപയോഗിച്ച് അതിനെ ആക്രമിക്കുകയും ചെയ്തു. ലക്ഷ്യസ്ഥാനത്തിനനുസരിച്ച് ദിശമാറാനും ഉന്നം കൃത്യമായി വയ്ക്കാനും ഇവയ്ക്ക് സാധിക്കും. ചുറ്റുപാടുമുള്ള വിവരങ്ങൾ ശേഖരിക്കാൻ സോണാർ, ഓൺബോർഡ് സെൻസറുകളെയാണ് ഈ യു.യു.വി ഉപയോഗിക്കുന്നത്. കമ്പ്യൂട്ടർ സംവിധാനങ്ങൾ ഈ ഡേറ്റകൾ ക്രോഡീകരിച്ച് ദൗത്യം പൂർത്തിയാക്കുന്നു.

2010ൽ ഹാർബിൻ എൻജിനിയറിംഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഈ പരീക്ഷണങ്ങളെ സംബന്ധിച്ച വിശദമായ പ്രബന്ധം തയാറാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞാഴ്ചയാണ് ഇത് പുറത്തുവിട്ടത്.

2010 മുതൽ ചൈന വികസിപ്പിച്ച് തുടങ്ങിയതെന്ന് കരുതുന്ന ഈ യു.യു.വികളെ കൂട്ടത്തോടെ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തിന് നേരെ തുടർച്ചയായി ആക്രമണം നടത്താൻ സാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ സമുദ്രത്തിനടിയിൽ പോരാട്ടങ്ങൾ നടന്നാൽ ഇത്തരം ആളില്ലാ വാഹനങ്ങൾക്കായിരിക്കും സാദ്ധ്യത കൂടുതലെന്ന് ഗവേഷകർ വിലയിരുത്തുന്നു.

അതേ സമയം, തായ്‌വാന് മേലുള്ള ചൈനയുടെ കൈകടത്തൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തായ്‌വാൻ കടലിടുക്കിൽ വച്ച് ആയുധം പരീക്ഷിച്ച വിവരം പുറത്താകുന്നത്. തായ്‌വാന് പിന്തുണയുമായ് യു.എസും ജപ്പാനും എത്തിയ സന്ദർഭത്തിലാണ് ചൈനയുടെ പുതിയ നീക്കങ്ങൾ. കൊമേഷ്യൽ ഷിപ്പിംഗ് കമ്പനികളും വിവിധ നാവികസേനകളും യു.യു.വികളെ നിലവിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയെ ഇതുവരെ ആക്രമണങ്ങൾക്ക് ഉപയോഗിച്ചിട്ടില്ല.