crime

നെടുമങ്ങാട്: ഭർത്താവിനെ വളർത്തുനായ്ക്കളെ കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത വൃദ്ധയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ റിമാൻഡിൽ. കരകുളം കിഴക്കേല ഇടയ്ക്കോട് മേലേപുത്തൻ വീട്ടിൽ പി. ശ്യാമളകുമാരിയാണ് (55) റിമാൻഡിലായത്. ഇവർ 6 നായ്ക്കളെ വീട്ടിൽ വളർത്തുന്നുണ്ട്. ഈ നായ്ക്കൾ ബന്ധുവായ സുകുമാരൻ നായരുടെ വീട്ടിലെ വളർത്തുനായയെ കൂട്ടമായി കടിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് പൊലീസ് പറഞ്ഞു.

തന്റെ വളർത്തു നായയെ രക്ഷിക്കാൻ ഇറങ്ങിയ സുകുമാരൻ നായരെ(74) ചീത്ത വിളിക്കുകയും നായ്ക്കളെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ ശ്യാമള അമ്മ(70) ഇത് തടഞ്ഞപ്പോൾ ശ്യാമളകുമാരി ഇവരുടെ വീട്ടിൽ കയറി കൈയിൽ കരുതിയിരുന്ന കമ്പി കൊണ്ട് തലയ്ക്കടിച്ചുവെന്നാണ് കേസ്.

ഗുരുതര പരിക്കുകളോടെ പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ് ശ്യാമള അമ്മ. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി. രാജോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ശ്യാമളകുമാരിയെ അറസ്റ്റ് ചെയ്തത്.