തിരുവനന്തപുരം: മനുഷ്യാവകാശപ്രവർത്തകനും ആദിവാസികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യസ്‌നേഹിയുമായ ഫാദർ സ്റ്റാൻ സ്വാമിയെ യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ച് മരണത്തിലേക്ക് തള്ളിവിട്ട ഭരണകൂട ഭീകരതയ്‌ക്കെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത "നീതിയുടെ നിലവിളി' പ്രതിഷേധ പരിപാടി ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ നടന്നു. പാളയം രക്തസാക്ഷിമണ്ഡപത്തിന് മുമ്പിൽ ഫാ. സ്റ്റാൻ സ്വാമിയുടെ ചിത്രത്തിനുമുമ്പിൽ നേതാക്കൾ മെഴുകുതിരി കത്തിച്ച് ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനമാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ മരണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിച്ചു. രമേശ്‌ ചെന്നിത്തല, വി.എസ്. ശിവകുമാർ, ടി. ശരത്ചന്ദ്രപ്രസാദ്, പന്തളം സുധാകരൻ, വിനോദ്‌സെൻ, കടകംപള്ളി ഹരിദാസ്, ആർ. ഹരികുമാർ, എം. ശ്രീകണ്ഠൻ നായർ, പാളയം ഉദയകുമാർ, തമ്പാനൂർ സതീഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

നാലാഞ്ചിറയിൽ മുല്ലപ്പള്ളി രാമചന്ദ്രനും, പൂന്തുറയിൽ എം.എം. ഹസ്സനും, നെയ്യാറ്റിൻകരയിൽ തമ്പാനൂർ രവിയും, ഉള്ളൂരിൽ കെ. മോഹൻകുമാറും ദീപം തെളിയിച്ചു. കഴക്കൂട്ടം, ആറ്റിങ്ങൽ, നെടുമങ്ങാട്, കിളിമാനൂർ, പാറശാല, കല്ലമ്പലം, വട്ടിയൂർക്കാവ്, തിരുമല, കുറ്റിച്ചൽ, വെഞ്ഞാറമൂട് എന്നിവിടങ്ങളിലും പരിപാടികൾ നടന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.