തിരുവനന്തപുരം: കുട്ടികൾക്ക് വിദ്യ ഉറപ്പാക്കുക എന്നതിൽ കവിഞ്ഞൊരു പുണ്യമില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്‌മാർട്ട് ഫോണുകൾ നൽകുന്നതിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുവചനം പ്രാവർത്തികമാക്കാൻ കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ട്. അദ്ധ്യാപകരുടെയും കോളേജ് പി.ടി.എയുടെയും എൻ.എസ്.എസ് വിദ്യാർത്ഥികളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കിയവരെ അനുമോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ.ജിത എസ്.ആർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്‌മെന്റ് പ്രതിനിധിയും പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റുമായ ഡി. പ്രേംരാജ് സ്‌മാർട്ട്‌ഫോൺ വിതരണം നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ചെമ്പഴന്തി ജി. ശശി, അനദ്ധ്യാപക പ്രതിനിധി പി. രേണുക, പി.ടി.എ സെക്രട്ടറി ജി. കവിദാസ്, സ്റ്റാഫ് സെക്രട്ടറി കമലാമോഹൻ എന്നിവർ സംസാരിച്ചു.