തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി വികസന വിഭാഗത്തിൽ നിന്ന് പണം തട്ടിയെടുത്തതിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി. പ്രതികൾ വ്യാജ അപേക്ഷകളും രേഖകളും തയ്യാറാക്കിയതായാണ് മ്യൂസിയം പൊലീസ് കണ്ടെത്തിയത്. 75 ലക്ഷം രൂപ രാഹുലും കൂട്ടരും തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പട്ടികജാതി വികസനവകുപ്പ് നടത്തിയ ഓഡിറ്റിൽ 95 ലക്ഷം രൂപ നഷ്ടമായതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലും പരിശോധനയിലുമാണ് കൂടുതൽ നടപടികൾ സ്വീകരിക്കുക. നിലവിൽ 11 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. രാഹുലിനൊപ്പം കോർപ്പറേഷനിലെ താത്കാലിക ജീവനക്കാരടക്കമുള്ള സംഘമാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്ന് പൊലീസ് സംശയിക്കുന്നു. വ്യാജ അപേക്ഷകൾക്കൊപ്പം നൽകാനായി വ്യാജ രേഖകളും സംഘം തയ്യാറാക്കിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇത് തയ്യാറാക്കിയ സംഘത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. രാഹുൽ മൂന്ന് വർഷം ജോലി ചെയ്ത നഗരസഭാ വിഭാഗങ്ങളിൽ നിന്നുള്ള രേഖകളും ശേഖരിക്കും. യഥാർത്ഥ ഗുണഭോക്താക്കളുടെ അപേക്ഷയ്ക്കൊപ്പം സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട് നൽകിയുള്ള തട്ടിപ്പാണ് ആദ്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രധാന പ്രതിയും നഗരസഭാ പട്ടികജാതി വികസന ഓഫീസിലെ ജീവനക്കാരനുമായിരുന്ന രാഹുലിനെ മ്യൂസിയം പൊലീസ് ഇന്നലെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങുകയും നഗരസഭയിലെ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി. സംഭവത്തിൽ നേരത്തെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു രണ്ടുപേർ ഒളിവിലാണ്. ചില പ്രതികൾക്ക് ജാമ്യം ലഭിച്ചു. തട്ടിപ്പ് കണ്ടെത്തിയതോടെ ഒളിവിൽപ്പോയ രാഹുൽ ഡൽഹി, എറണാകുളം എന്നിവിടങ്ങളിലും തിരുവനന്തപുരത്തും ഒളിവിൽ താമസിച്ചതായാണ് പൊലീസിനോട് പറഞ്ഞത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും കീഴടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്‌തതോടെയാണ് രാഹുൽ കീഴടങ്ങിയത്. ഈ സംഘത്തിൽപ്പെട്ടവർ ജോലിചെയ്ത മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരം തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.