കാസർകോട്: ഇന്ധനം നിറച്ച ടാങ്കർ ലോറികളുടെ വരവ് വീണ്ടും ഭീതി ജനിപ്പിക്കുന്നു. ജനത്തിരക്കേറിയ സമയത്തും കൂടുതൽ വാഹനങ്ങൾ ഓടുന്ന സമയത്തും ഇപ്പോൾ ടാങ്കർ ലോറികൾ ഓടിച്ചു തുടങ്ങുന്നതാണ് യാത്രക്കാരെയും സമീപ വാസികളെയും ഭയപ്പെടുത്തുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും ഇന്ധനവും നിറച്ചു വരുന്ന ടാങ്കറുകൾ ഓടിക്കുന്നവർ പലരും മദ്യലഹരിയിൽ ആകുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ദിവസവും കേരള അതിർത്തിയായ തലപ്പാടി കടന്നുവരുന്നത് എഴുപതോളം ടാങ്കർ ലോറികളാണ്. കൊച്ചിയിൽ നിന്ന് കർണ്ണാടകയിലേക്ക് പോകുന്ന ലോറികളും കൂടുതലാണ്. മംഗളുരുവിൽ നിന്ന് കാസർകോട് എത്തുന്ന ടാങ്കർ ലോറികൾ കൂട്ടത്തോടെ ദേശീയ പാതയിലൂടെ പോകുന്നതിന് പകരം ജനത്തിരക്ക് കൂടുതലുള്ള ചന്ദ്രഗിരി കെ.എസ്.ടി.പി റോഡിലൂടെ പോകുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണ്.
മൂന്നും നാലും ടാങ്കറുകൾ ഒരുമിച്ചു ഓടിച്ചു പോകുന്നത് കാരണം പിറകെ വരുന്ന ചെറിയ വാഹനങ്ങൾക്ക് മറികടന്ന് പോകുന്നതിനും തടസം സൃഷ്ടിക്കുകയാണ്. മത്സരിച്ചോടുന്ന ടാങ്കർ ലോറികൾ പലയിടങ്ങളിലും മറിഞ്ഞാണ് അപകടം ഉണ്ടാക്കുന്നത്. അപകടം സംഭവിക്കുന്ന ടാങ്കറുകളുടെ 'ഉടലും തലയും' വേർപെട്ട നിലയിലാണ് റോഡിൽ കുടുങ്ങി കിടക്കുക. ഇത് മൂലം ഗതാഗത സ്തംഭനം ഉണ്ടാകുന്നു. ഗ്യാസ് ടാങ്കറുകൾ മറിഞ്ഞാൽ ഉണ്ടാകുന്ന ദുരന്തം ചെറുതല്ല. പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും മറ്റു വാഹനങ്ങളെല്ലാം തടഞ്ഞുനിർത്തി പരിശോധിക്കാറുണ്ടെങ്കിലും ടാങ്കർ ലോറികൾ പരിശോധിക്കുന്ന ഏർപ്പാട് കുറവാണ്. ഇത് കാരണം മദ്യപിച്ചു തീരെ സുരക്ഷിതമല്ലാത്ത വിധത്തിൽ ടാങ്കറുകൾ ഓടിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അപകടങ്ങൾ കുറക്കുന്നതിന് ടാങ്കറുകളുടെ ഓട്ടം നിയന്ത്രിക്കണമെന്നും പരിശോധന ശക്തമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
കണ്ണൂർ ചാലയിലുണ്ടായ ടാങ്കർ ദുരന്തത്തിന് ശേഷം ടാങ്കർ ലോറികളിൽ രണ്ട് ഡ്രൈവർമാരെ വേണമെന്ന് സർക്കാർ നിർബന്ധമാക്കിയിരുന്നുവെങ്കിലും ഇതുവരെ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും വിവിധ സംസ്ഥാനങ്ങൾ കടന്നുവരുന്ന ടാങ്കർ ലോറികളിൽ ഒരു ഡ്രൈവർ മാത്രമാണുള്ളത്. ചിലവയിൽ മാത്രം ഒരു ക്ലീനർ അധികമായുണ്ടാകും. ടാങ്കർ ലോറി ഉടമകളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഒരു ഡ്രൈവർ മതിയെന്ന നിലപാടിൽ അധികൃതരും എത്തിയത്. ദീർഘദൂരം ലോറി ഓടിക്കുന്നത് മൂലമുണ്ടാകുന്ന ക്ഷീണത്തിൽ ഡ്രൈവർ ഉറങ്ങും. ടാങ്കർ ലോറികൾ ഡ്രൈവർ ഉറങ്ങി കൊണ്ട് ഓടിക്കുന്നത് കാരണം അപകടം പതിവാകുന്നു. കളനാട് കട്ടക്കാലിൽ കഴിഞ്ഞ ദിവസം മദ്യലഹരിയിൽ ഓടിച്ചു അപകടം വരുത്തിയ ടാങ്കർ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി മഞ്ചുനാഥയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബൈറ്റ്
അതിർത്തി കടന്ന് എത്തുന്ന ടാങ്കർ ലോറികളെയും കർശന പരിശോധനയ്ക്ക് വിധേയമാക്കും. കൊവിഡ് പ്രശ്നം കാരണം ഡ്രൈവർമാർ മദ്യപിച്ചത് കണ്ടുപിടിക്കാൻ 'ഊതിക്കുന്ന' പരിപാടി കുറെ കാലമായി നടത്തുന്നില്ല. കൊവിഡ് പ്രശ്നങ്ങൾ അല്പം അയഞ്ഞതിന് ശേഷം ഈ നീക്കം വീണ്ടും സജീവമാക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടിലെ റോഡിന്റെ പ്രശ്നവും അപകടത്തിന് കാരണമാകുന്നുണ്ട്.
ടി.എം. ജെർസൺ ( ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് കാസർകോട്)