പാറശാല: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ ഉദിയൻകുളങ്ങരയിൽ നടന്ന പ്രതിഷേധ പ്രകടനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ് ഉദ്ഘാടനം ചെയ്തു. പീഡന വീരൻമാർക്കും കഞ്ചാവ് മാഫിയകൾക്കും പാർട്ടി തണലിൽ സംരക്ഷണം ഒരുക്കുന്ന സി.പി.എമ്മിന്റെ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടു. സാമൂഹ്യ വിരുദ്ധരുടെയും കൊലപാതകികളുടെയും കൂട്ടയ്മമായി ഡി.വൈ.എഫ്.ഐ മാറിയതായും ഇത്തരക്കാരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി യോഗത്തിൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി റെജി റഷീദ്, ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ്, ഋഷി മണ്ഡലം പ്രസിഡന്റുമാർ, നിയോജക മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.