കാട്ടാക്കട: കോട്ടൂർ ആദിവാസി മേഖലയിലെ കുട്ടികളുടെ ഡിജിറ്റൽ പഠനത്തിനുള്ള തടസം അടിയന്തരമായി പരിഹരിക്കുമെന്ന് ബാലാവകാശ കമ്മിഷൻ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ, മെമ്പർമാരായ സി. വിജയകുമാർ, ശ്യാമള ദേവീ എന്നിവർ ഇന്നലെ കോട്ടൂർ ആദിവാസി മേഖല സന്ദർശിച്ച് കുട്ടികളോട് സംസാരിക്കുകയായിരുന്നു.
മണ്ണാംകോണം, ചോനാംപാറ, വാലിപ്പാറ, പൊടിയം തുടങ്ങിയ ഊരുകളിൽ ഓൺലൈൻ പഠനകേന്ദ്രങ്ങൾ, ഏകാദ്ധ്യപക വിദ്യാലയം, എം.ജി.എൽ.സി, സമീപത്തെ വീടുകൾ എന്നിവിടങ്ങളിൽ കമ്മിഷൻ സന്ദർശിച്ചു. വാലിപ്പാറയ്ക്ക് സമീപം മോഡൽ റൈഡൻഷ്യൽ സ്കൂളിന് നിശ്ചയിച്ചിട്ടുള്ള സ്ഥലം കമ്മിഷൻ സന്ദർശിക്കുകയും നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകുമെന്നും പറഞ്ഞു.
മികച്ച പഠന മുറികളും, പഠനോപകരണങ്ങളും ഒപ്പം ശുചിത്വവുമുള്ള ഇടങ്ങളാണ് കോട്ടൂരിൽ കണ്ടതെന്നും അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് ഇതെന്നും കമ്മിഷൻ കെ.വി. മനോജ് കുമാർ അഭിപ്രായപ്പെട്ടു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും അറിയിക്കാൻ ചൈൽഡ് പ്രൊട്ടക്‌ഷൻ കമ്മിറ്റിയിൽ വാർഡ് മെമ്പറെ കൺവീനറാക്കി അദ്ധ്യാപകർ, പൊലീസ്, ആശാവർക്കർമാർ, സാമൂഹ്യ പ്രവർത്തകർ, ഡോക്ടർമാർ എന്നിവരെ ഉൾപ്പെടുത്തി പദ്ധതി രൂപീകരിക്കുകയും മുഴുവൻ കുട്ടികളുടെയും വിവരശേഖരണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശം നൽകി.
കുട്ടികളുടെ ഉന്നമനത്തിനായി ബോധവത്കരണ പരിപാടിയായി ഊരുണർത്താൽ എന്ന പേരിൽ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പ് എന്നിവരെ സഹകരിപ്പിച്ചു സംസ്ഥാനത്തൊട്ടാകെ പദ്ധതിക്ക് ആലോചനയുണ്ട്. ഇതിന്റെ ആദ്യ ക്യാമ്പ് കോട്ടൂരിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.എഫ്.ഒ, ഡി.ഇ.ഒ, എ.ഇ.ഒ, ഐ.ടി.ഡി.പി, ഡി.സി.പി.യു, ഐ.സി.ഡി.എസ്, പൊലീസ്, എക്സൈസ്, ട്രൈബൽ പ്രമോട്ടർമാർ,പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ, സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.