aaaa

130 കോടി കൂടി വേണമെന്ന് കോർപറേഷൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൽ നിന്ന് 130 കോടി ലഭിച്ചാൽ മാത്രമേ ജനകീയ ആസൂത്രണ പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങളിൽ ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനാകൂവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആവശ്യം കോർപറേഷൻ കൗൺസിൽ യോഗം തള്ളി. ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യം ചർച്ചചെയ്യാൻ ബി.ജെ.പി അംഗങ്ങളുടെ ആവശ്യപ്രകാരമാണ് പ്രത്യേക കൗൺസിൽ യോഗം ചേർന്നത്.

കേന്ദ്ര സഹായം ലഭിക്കാതെ ഇക്കാര്യം പരിഗണിക്കാനാകില്ലെന്നും വാർഡുകളിൽ ഒഴിവുവരുന്ന മുറയ്ക്ക് മറ്റു വാർഡുകളിലെ ഗുണഭോക്താക്കൾക്ക് സഹായം അനുവദിക്കാമെന്നും മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. അർഹരായ എല്ലാവർക്കും സഹായം നൽകണമെന്ന് വിഷയം അവതരിപ്പിച്ച് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപനും കൂടുതൽ ഫണ്ട് കണ്ടെത്തണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജോൺസൺ ജോസഫും ആവശ്യപ്പെട്ടു. പിന്നാലെ പദ്ധതി ചെലവ്, ലൈഫ് ഭവനപദ്ധതി ഉൾപ്പെടെയുള്ള മേഖലകളിൽ കോർപറേഷൻ കൈവരിച്ച പുരോഗതി കണക്ക് സഹിതം മേയർ വിശദീകരിച്ചു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ. അനിൽ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പി. പദ്മകുമാർ, മേരി പുഷ്പം, ഷാജിത നാസർ, ഗായത്രി ബാബു, സ്റ്റാൻലി ഡിക്രൂസ്, വി.ജി. ഗിരികുമാർ, അംശു വാമദേവൻ, പാളയം രാജൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

ഒരുവാർഡിൽ 14 ഗുണഭോക്താക്കൾ

 മേൽക്കൂര മാറ്റുന്നതിന് (ജനറൽ) രണ്ട്

വീട് വാസയോഗ്യമാക്കുന്നത് (ജനറൽ) അഞ്ച്

ഭവന നിർമാണത്തിന് വസ്തു വാങ്ങുന്നത് രണ്ട്

വീട് വാസയോഗ്യമാക്കൽ (ടി.എസ്.പി) രണ്ട്

പഠനമുറി നിർമാണം (എസ്.സി) ഒന്ന്

ലൈഫ് മിഷൻ പദ്ധതി പ്രകാരം സ്ഥലം വാങ്ങുന്നതിന് രണ്ട്

ബാഡ്ജ് ധരിച്ച് പ്രതിഷേധം

വണ്ടിപ്പെരിയാർ സംഭവത്തിൽ പ്രതിഷേധിച്ച് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സ്ത്രീരൂപം പതിപ്പിച്ച ബാഡ്‌ജ് ധരിച്ചാണ് ബി.ജെ.പി കൗൺസിലർമാർ എത്തിയത്. ചിഹ്നത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ലെന്ന് എൽ.ഡി.എഫ് നിലപാടെടുത്തു. ബി.ജെ.പി അംഗങ്ങൾ വഴങ്ങിയില്ല. തുടർന്ന് ബാഡ്‌ജ് ഒഴിവാക്കാതെ കൗൺസിൽ ആരംഭിക്കില്ലെന്ന് മേയർ അറിയിച്ചതോടെ ബി.ജെ.പി അംഗങ്ങൾ ബാഡ്ജ് അഴിച്ചു.