തിരുവനന്തപുരം:സിക്ക വൈറസ് പ്രതിരോധത്തിനായി ജില്ലയിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ചതായി ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.
കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കും. ഡി.വി.സി യൂണിറ്റിലെ സീനിയർ ബയോളജിസ്റ്റിന്റെ സാങ്കേതിക നിർദ്ദേശങ്ങൾക്കനുസരിച്ച് മുനിസിപ്പൽ ആരോഗ്യ സേവനങ്ങൾ ഫോഗിംഗും സ്‌പ്രേയും നടത്താനും തീരുമാനിച്ചു. വാർഡ് തലത്തിലുള്ള ആരോഗ്യ ശുചിത്വസമിതി ചേരുകയും ഓരോ വീടും ഫ്ലാറ്റും സന്ദർശിച്ച് ഉറവിടങ്ങൾ കണ്ടെത്തി അത് നശിപ്പിക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കും.
വീടുകളിൽ നിർദ്ദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ ശുചിത്വ സമിതി തുടർ സന്ദർശനം നടത്തും. എല്ലാ പെരിഫെറൽ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകൾ ശക്തമാക്കും. രോഗനിർണയ കേന്ദ്രങ്ങൾ, ഒ.ബി.ജി സ്കാൻ ചെയ്യുന്ന എല്ലാ അൾട്രാ സൗണ്ട് സ്കാനിംഗ് സെന്ററുകളും മൈക്രോസെഫാലി കേസുകളുടെ വിശദാംശങ്ങൾ ജില്ലാ ആർ.സി.എച്ച് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യണം. എല്ലാ എൽ.എസ്.ജി.ഡി വകുപ്പുകളിലും ഇന്റർസെക്ടറൽ ഏകോപന സമിതി യോഗം ചേരും. ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. എസ്.ഷിനു, ഡി.പി.എം ഡോ.അരുൺ പി.വി, ഡി.എസ് ഓമാരായ ഡോ.ജോസ് ജി.ഡിക്രൂസ്, ഡോ.ധനുജ വി.എ, ഡെപ്യൂട്ടി ഡി.എം.ഒ.ഡോ.സുകേഷ് രാജ്,ആർ.സി.എച്ച് ഓഫീസർ ഡോ.ദിവ്യ സദാശിവൻ, ജില്ലാ കൺട്രോൾ റൂം നോഡൽ ഓഫീസർ ഡോ. സുനിത .എൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.