പാറശാല: ദേശീയപാതയിലെ കുഴിയിൽ വീണ് നിയന്ത്രണം തെറ്രിയ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു. ഇഞ്ചിവിള എ.കെ.ജി നഗറിലെ എൻ.എസ് മൻസിലിൽ സെയ്യദലിയുടെ മകൻ ഷജീറാണ് (27) മരിച്ചത്. പാറശാല പോസ്റ്റ് ജംഗ്‌ഷന് സമീപം ഇന്നലെ ഉച്ചക്ക് 2 മണിയോടടുപ്പിച്ചാണ് സംഭവം. ഉടൻ നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോത്തൻകോട് ബ്രിഡ്ജ് പോയിന്റ് സ്‌കിൽസ് ആൻഡ് നെറ്റ് വർക്ക് കമ്പനിയിലെ അക്കൗണ്ട്സ് എക്സിക്യുട്ടീവായി ജോലി നോക്കുകയായിരുന്നു ഇയാൾ. ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. തെറിച്ചു വീണതിനെ തുടർന്നുള്ള ആഘാതത്തിൽ തലയോട് പൊട്ടിയതാണ് മരണകാരണം. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ. പരേതയായ നസീറയാണ് മാതാവ്. ഷഫീഖ്, ഷബ്‌ന എന്നിവരാണ് സഹോദരങ്ങൾ.