തിരുവനന്തപുരം: ഏറെ ദിവസത്തെ ഇടവേളക്ക് ശേഷം പെയ്ത കനത്ത മഴയിൽ തണുത്ത് നഗരം. വൈകിട്ടോടെ പെയ്ത മഴ രാത്രി വൈകിയും ശക്തിയായി തുടർന്നു. ശക്തമായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ചെറിയ രീതിയിൽ വെള്ളത്തക്കെട്ടുണ്ടായി പേട്ട, ചാക്ക, ഊറ്റുകുഴി ജംഗ്ഷൻ, പ്രസ്ക്ലബ് പരിസരം, തമ്പാനൂർ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. അപ്രതീക്ഷ മഴ കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രികരേയും വലച്ചു. മഴയൊടൊപ്പമുണ്ടായിരുന്ന ചെറിയ കാറ്റിൽ പേരൂർക്കട, ​വട്ടിയൂർക്കാവ്,​എന്നിവിടങ്ങളിൽ മരത്തിന്റെ ചില്ലകൾ ഒടിഞ്ഞ് വീണു. മഴയിൽ കരമനയാറിലേയും കിള്ളിയറിലേയും ജലനിരപ്പ് അല്പം ഉയർന്നു. എന്നിരുന്നാലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തെക്കൻ കേരളത്തിൽ രണ്ട് ദിവസത്തേക്ക് കനത്ത മഴ പെയ്‌തേക്കാമെന്ന് കാലാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജില്ലയിലെ തീരദേശവാസികളും ജാഗ്രതപാലിക്കണം. കേരള,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനം പാടില്ല