kattana

കാക്കയങ്ങാട്: പാലപ്പുഴ പുലിമുണ്ടയിൽ കാട്ടാന ഇറങ്ങി വീണ്ടും വ്യാപക കൃഷിനാശം.
അവശേഷിക്കുന്ന കൃഷിയും കാട്ടാന നശിപ്പിച്ചതോടെ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് കർഷകൻ. പുലിമുണ്ടയിലെ ശ്രീധരന്റെ തെങ്ങ്, വാഴ, കവുങ്ങ് എന്നിവയാണ് വീണ്ടും വ്യാപകമായി നശിപ്പിച്ചത്.
ഒന്നര മാസത്തിനിടയിൽ ഇത് നാലാം തവണയാണ് മുഴക്കുന്ന് പഞ്ചായത്തിലെ പലപ്പുഴ പുലിമുണ്ടയിലെ ശ്രീധരന്റെ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.വ്യാഴാഴ്ച്ച രാത്രി മാത്രം നിരവധി വാഴകളും, തെങ്ങും കവുങ്ങുമാണ് നശിപ്പിച്ചത്. നേരത്തെ നശിപ്പിച്ചതിന്റെ അവശേഷിച്ച കൃഷിയും നശിപ്പിച്ചതോടെ കൃഷി തന്നെ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് ഈ കർഷൻ.

കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിട്ട് നഷ്ടപരിഹാരത്തിന് അപേക്ഷിച്ചെങ്കിലും ഇതുവരെ ഒരു പൈസ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് ശ്രീധരൻ പറയുന്നത്. ആറളം ഫാമിൽ തമ്പടിച്ച കാട്ടാന കൂട്ടത്തെ വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട്ടിലേക്ക് തുരത്തിയെങ്കിലും ആനകളിൽ ചിലത് വീണ്ടും എത്തി ജനവാസകേന്ദ്രങ്ങളിൽ നാശം വിതയ്ക്കുകയാണ്.

വനാതിർത്തി പങ്കിടുന്ന സ്ഥലമല്ലെങ്കിൽക്കൂടി പാലപ്പുഴ, കൂടലാട്, പെരുമ്പുന്ന ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗശല്യം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും പ്രതിഷേധ പരിപാടികൾ ഉൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അടുത്ത നാളിലാണ് തുടർച്ചയായി മൂന്നു നാലുദിവസങ്ങളിലായി തൊണ്ണൂറോളം പേരുൾപ്പെടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ സ്‌പെഷ്യൽ ഡ്രൈവിലൂടെ 31 ഓളം ആനകളെ വനത്തിലേക്ക് തുരത്തിയത്. എങ്കിലും ജനവാസ മേഖലകളിലെ കാട്ടാനവിളയാട്ടത്തിന്
യാതൊരു കുറവും ഉണ്ടായിട്ടില്ലെന്നാണ് പൊറുതിമുട്ടിയ കർഷകരുടെ പരാതി.