കൊയിലാണ്ടി: കൊവിഡ് പ്രോട്ടോകോൾ പ്രകാരം സി കാറ്റഗറിയിൽ പെട്ട കൊയിലാണ്ടി ദേശീയപാതയിൽ വെള്ളിയാഴ്ച വൻ തിരക്ക്. കൊയിലാണ്ടിയുടെ വടക്ക് ഭാഗത്ത് മൂടാടി വരെയും തെക്ക് ചേമഞ്ചേരി വരെയുമാണ് വൻ തിരക്ക് അനുഭവപ്പെട്ടത്. വാഹനങ്ങൾ നാലും അഞ്ചും വരിയായിട്ടാണ് റോഡിലൂടെ നീങ്ങിയത്. ട്രാഫിക് ബ്ലോക്ക് അറിഞ്ഞതോടെ ദീർഘ ദൂര ബസുകളും മറ്റു വാഹനങ്ങളും വിയ്യൂർ - പെരുവട്ടൂർ വഴി കൊയിലാണ്ടിയിലേക്ക് വഴിമാറിയോടി. കൊവി ഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കാൽനടയാത്രക്കാരും വിവിധ ആവശ്യങ്ങൾക്കായി എത്തിയതും ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.. ട്രാഫിക് പൊലീസിന് നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഒടുവിൽ കൊയിലാണ്ടി സി.ഐ. എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനൂപ്, ശ്രീജേഷ്, ഒ.കെ. സുരേഷ് എന്നിവർ റോഡിലിറങ്ങി വാഹനങ്ങളെ രണ്ട് നിരകളിലേക്ക് മാറ്റി. അതിന് ശേഷമാണ് ദേശീയപാതയിൽ ഗതാഗതം സുഗമമായത്. ദേശീയപാതയിൽ വാഹനങ്ങൾ നാലും അഞ്ചും നിരകളായി ഓടുന്നത് അനുവദിക്കില്ലെന്ന് സി.ഐ പറഞ്ഞു.