തിരുവനന്തപുരം: പാചകവാതക, ഇന്ധനവില വർദ്ധനവിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു. 20,000 വാർഡുകളിലായി അഞ്ച് ലക്ഷം വീടുകളിൽ 10 ലക്ഷം പേർ പങ്കെടുത്തെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ പറഞ്ഞു. രാവിലെ 10 മുതൽ 11 വരെ സംഘടിപ്പിച്ച കുടുംബസത്യഗ്രഹത്തിൽ നേതാക്കൾ പാചക വാതക, ഇന്ധന വില വർദ്ധിപ്പിച്ച് നടത്തുന്ന നികുതി കൊള്ളയ്ക്കെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹം എന്നെഴുതിയ പ്ലക്കാർഡുമേന്തി കുടുംബസമേതം വീടുകളിൽ സത്യഗ്രഹമിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളം പറവൂരിലെ വസതിയിലും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിലെ വസതിയിലും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പുതുപ്പളളിയിലെ വസതിയിലും മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല ജഗതിയിലെ വസതിയിലും മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ പേരൂർക്കടയിലെ വസതിയിലും സത്യഗ്രഹമിരുന്നു.മറ്റ് യു.ഡി.എഫ് എം.പി മാരും എം.എൽ.എമാരും നേതാക്കളും അവരവരുടെ വസതികളിലെ സത്യാഗ്രഹത്തിൽ പങ്കെടുത്തു.