വെഞ്ഞാറമൂട്: ലോറി ഇടിച്ച് ബൈക്ക് യാത്രികരായ പിതാവിനും മകനും ഗുരുതരമായി പരിക്കേറ്റു. മരുതുംകുഴി മഠത്തുവിളാകത്ത് വീട്ടിൽ സതീഷ് (58), മകൻ സഞ്ജീവ് എന്നിവർക്കാണ് പരിക്കേറ്റത്. തൈക്കാട് ബൈപ്പാസ് ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 9 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് അരി കയറ്റി വരികയായിരുന്ന ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പിതാവിന്റെ കാലിൽ ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തി ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. മകനെ പരീക്ഷ എഴുതാൻ കൊണ്ടു വരവെയാണ് സതീഷ് ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്.