sica-virus

തിരുവനന്തപുരം: സിക്ക വൈറസ് ആശങ്കയിൽ നിന്ന് സംസ്ഥാനത്തിന് നേരിയ ആശ്വാസം. പരിശോധിച്ച 17 പേരുടെ പരിശോധനാഫലവും നെഗറ്റീവായി. ആലപ്പുഴ എൻ.ഐ.വിയിലെ പരിശോധനാഫലമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ 24കാരിയായ ഗർഭിണി താമസിച്ചിരുന്ന നന്ദൻകോട്ട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കയച്ചിരുന്നു. വെള്ളിയാഴ്ച സിക്ക സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രിയിലെ 13 ജീവനക്കാരുടെ പ്രദേശങ്ങളിൽ നിന്നും പരിശോധയ്ക്കയച്ച സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. അതേസമയം എല്ലാ ജില്ലകളിലും കൊതുകുനിവാരണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ശക്തമാക്കി. ഇന്ന് എല്ലായിടങ്ങളിലും ‌‌‌ഡ്രൈഡേ ആചരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ വ്യാപകമാക്കാനാണ് നിർദ്ദേശം.