photo

നെടുമങ്ങാട്: റബർ ടാപ്പിംഗ് തൊഴിലാളിയായ പള്ളിനട എം.എസ് ഭവനിൽ മോഹനന്റെ ആഗ്രഹം സഫലീകരിച്ച് മകൾ ആനി ഡോക്ടറായതിന്റെ ആഹ്ളാദത്തിലാണ് നെടുമങ്ങാട് കരുപ്പൂര് നിവാസികൾ. ടാപ്പിംഗ് തൊഴിലാളിയായ അച്ഛൻ ഒഴുക്കിയ വിയർപ്പിന്റെ ഫലമാണ് തന്റെ എം.ബി.ബി.എസെന്ന് ആനിയ്ക്ക് നല്ല ബോദ്ധ്യമുണ്ട്. രാവിലെ മൂന്നു മണിക്ക് മുമ്പ് റബർ ടാപ്പിംഗിനു പോകുന്ന മോഹനൻ ഏഴു മണിയോടെ സ്കൂൾ ബസും 11 മണിയോടെ ഓട്ടോറിക്ഷയുമായി നിരത്തിലിറങ്ങും. പ്രാരാബ്ധങ്ങളിൽ അച്ഛനു താങ്ങായി അമ്മ ഷീജ സ്വകാര്യ ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി നോക്കി കിട്ടുന്ന വരുമാനത്തിന് പുറമേ കനറാബാങ്കിൽ നിന്നും 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയെടുത്താണ് എം.ബി.ബി.എസിനു ചേർന്നത്. കഷ്ടപ്പാടൊന്നും കാര്യമാക്കാതെ മക്കളെ ആകാവുന്നത്ര പഠിപ്പിച്ച് സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കണമെന്നാണ് ഈ മാതാപിതാക്കളുടെ ആഗ്രഹം. ഫിലിപ്പൈൻസിലെ ബൈകോൾ ക്രിസ്ത്യൻ കോളേജ് ഒഫ് മെഡിസിൻ ലെഗാസ്പി സിറ്റിയിലാണ് ആനി അഞ്ചര വർഷത്തെ പഠനം പൂർത്തീകരിച്ചത്. ആനിയുടെ സഹോദരൻ അനൂപ് എം.കോം എൽ.എൽ.ബി വിദ്യാർത്ഥിയാണ്. കഷ്ടപ്പാടിലൂടെ മക്കളുടെ പഠനം സാദ്ധ്യമാക്കിയ മാതാപിതാക്കളെയും അവരുടെ അഭിമാനമായ മക്കളെയും ആദരിക്കുന്ന തിരക്കിലാണ് നാട്ടുകാർ.

caption: ഡോ.ആനി സഹോദരനും മാതാപിതാക്കൾക്കുമൊപ്പം