1

പൂവാർ: മുട്ടിൽ മോഡൽ മരംമുറിപ്പ് കരുംകുളം ഗ്രാമപഞ്ചായത്തിലും നടന്നതായി പരാതി. സി.പി.എം ഭരിക്കുന്ന കരുംകുളം ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡിൽ ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചുകടത്തുകയും, നൂറു കണക്കിന് ലോഡ് മണ്ണ് കടത്തിക്കൊണ്ടു പോവുകയും ചെയ്തതായാണ് പരാതി. ഇതിന്മേൽ അടിയന്തര വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും, പ്രസിഡന്റും, വൈസ് പ്രസിഡന്റും രാജി വയ്ക്കണം എന്നാവശ്യപ്പെട്ടും പഞ്ചായത്ത് ഓഫീസ് പടിക്കൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്തു. സ്വർണ്ണക്കള്ളക്കടത്ത്, മരം വെട്ട്, മണ്ണു കടത്ത്, സ്ത്രീ പീഡനം ഇവ സർക്കാരിന്റെ അവകാശമായി മാറിയെന്നും ഇതിന്റെ അനന്തരാവകാശം അണികൾക്ക് സിദ്ധിച്ചിരിക്കുകയാണെന്നും സുബോധൻ പറഞ്ഞു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കരുംകുളം ജയകുമാർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് പരണിയം ഫ്രാൻസീസ്, മുൻ പ്രസിഡന്റ് പുഷ്പം സൈമൻ, പഞ്ചായത്ത് അംഗങ്ങളായ രാജൻ, ഫ്രീഡ സൈമൺ, ധനലക്ഷ്മി, പ്രഭാ ബിജു, ജോണി, ഡൽഫി, കോൺഗ്രസ് നേതാക്കളായ ഡെന്നിസൺ, രവീന്ദ്രൻ, ജോസ്, ക്ലീറ്റസ്, ദിനനാഥ്, ബിജോയ്, ഫ്രാൻസിസ്, ആൽബിന, റോബിൻ, ഡോണ എന്നിവരും പങ്കെടുത്തു.

ഫോട്ടോ: കരുംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്യുന്നു