1

തിരുവനന്തപുരം: പാകിസ്ഥാനെതിരെ 1971ൽ നടന്ന യുദ്ധത്തിൽ ഇന്ത്യ കൈവരിച്ച വിജയത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ ദീപശിഖയ്ക്ക് സംസ്ഥാന സർക്കാരിന്റെ ആദരവ്. പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രിയിൽ നിന്നു വിജയ ദീപശിഖ സ്വീകരിച്ചു. വീരമൃത്യു വരിച്ച സൈനികർക്കായി യുദ്ധസ്മാരകത്തിൽ മുഖ്യമന്ത്രി പുഷ്പചക്രം സമർപ്പിച്ചു.

ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, തിരുവനന്തപുരം പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ എന്നിവരും പുഷ്പചക്രം സമർപ്പിച്ചു. സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും സൈനികരും, വിമുക്തഭടന്മാരും പങ്കെടുത്തു. നാവിക സേന കമാൻഡർ ശിവശങ്കറിന്റെ നേതൃത്വത്തിൽ ദീപശിഖ കന്യാകുമാരിയിലേക്ക് കൊണ്ടുപോയി.