തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തന വീഴ്ച പരിശോധിക്കുന്നത് ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെപ്പറ്റി ചില പരാതികൾ കിട്ടി. സംസ്ഥാനകമ്മിറ്റി അത് കമ്മിഷനെ വച്ചുതന്നെയാണ് പരിശോധിക്കുന്നത്. അത് വ്യക്തിപരമായ പരിശോധനയല്ല. പാർട്ടി സാധാരണ നടത്തുന്നതാണ്. അമ്പലപ്പുഴയിൽ മാത്രമല്ല, പാലായിലെ ജോസ് കെ. മാണിയുടെയും കല്പറ്റയിലെ ശ്രേയാംസ് കുമാറിന്റെയും തോൽവിയും പരിശോധിക്കും.
നിങ്ങൾ (മാദ്ധ്യമപ്രവർത്തകർ) അമ്പലപ്പുഴ മാത്രം കേന്ദ്രീകരിച്ച് ഒരുപാട് ചോദിച്ച് എന്തെങ്കിലും ഉത്തരം പാർട്ടിക്കെതിരെ കൊടുക്കാൻ നോക്കിയാൽ കിട്ടില്ലെന്ന് വിജയരാഘവൻ പറഞ്ഞു. പാർട്ടിയുടേത് സദുദ്ദേശ്യപരമായ തീരുമാനമാണ്. അതിനെ ഇടിച്ചുതാഴ്‌ത്താത്ത ചോദ്യങ്ങൾ ചോദിക്കണം.
ജി. സുധാകരൻ സംസ്ഥാനകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാത്തതിന്റെ കാരണമറിയില്ല. ഒരേ കാര്യം തിരിച്ചും മറിച്ചും ചോദിച്ചാൽ ഉത്തരം തരാനാവില്ല.
രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസ് വിവാദത്തിൽ മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനുൾപ്പെട്ടതുമായി ബന്ധപ്പെട്ട സി.പി.ഐ വിമർശനത്തെപ്പറ്റി ചോദിച്ചപ്പോൾ, സി.പി.എം- സി.പി.ഐ തർക്കമുണ്ടാക്കി വാർത്തയാക്കാൻ നിങ്ങൾ ചോദ്യം ചോദിച്ചാൽ ഉത്തരം നൽകില്ലെന്നായിരുന്നു മറുപടി.
സമൂഹത്തിലെ ദുഷിച്ച പ്രവണതകൾ പാർട്ടിയിലേക്ക് വരുന്നത് പരിശോധിച്ചിട്ടുള്ള പാർട്ടിയാണ് സി.പി.എം. അഞ്ച് ലക്ഷം പാർട്ടിയംഗങ്ങളുടെയും പാർട്ടിയിലെയും സമൂഹത്തിലെയും ഇടപെടലിനെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. അതൊരു വലിയ അദ്ധ്വാനമാണ്. ജില്ലാ കമ്മിറ്റിയംഗത്തിന്റെ സാന്നിദ്ധ്യത്തിൽ എല്ലാ ബ്രാഞ്ചുകമ്മിറ്റികളും ഇതിനായി യോഗം ചേർന്നു. 80- 90 ദിവസത്തോളം അതിന് സമയമെടുത്തു. അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക റിപ്പോർട്ട് തയാറാക്കി ഏരിയാതലത്തിൽ സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ പരിശോധിച്ചു. ആ റിപ്പോർട്ട് പിന്നീട് സംസ്ഥാനകമ്മിറ്റി പരിശോധിച്ചു. അതിനനുസരിച്ചുള്ള തിരുത്തൽപ്രക്രിയ എല്ലാ വർഷവും നടത്തുന്നുണ്ടെന്നും സി.പി.ഐക്കുള്ള പരോക്ഷമറുപടിയെന്നോണം അദ്ദേഹം വ്യക്തമാക്കി.