കാട്ടാക്കട:സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനുമായ കാട്ടാക്കട ശശി (71) അന്തരിച്ചു. ഇന്നലെ പുലർച്ചെ അഞ്ചര മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഒരു മാസം മുമ്പ് വൃക്കരോഗത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വീട്ടിൽ മടങ്ങി എത്തിയെങ്കിലും കോവിഡ് ബാധയെ തുടർന്ന് പതിനേഴ് ദിവസം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ
ചികിത്സയിലായിരുന്നു.കൊവിഡ് നെഗറ്റീവ് ആയെങ്കിലും വീണ്ടും വൃക്കരോഗം കലശലായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. നാലു ദിവസമായി വെന്റിലേറ്ററിലായിരുന്നു.
സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം,ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, മദ്യവ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ക്വാറി ആൻഡ് അദർ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുകയായിരുന്നു.
തൊഴിലാളികൾക്ക് കൂലി ഉറപ്പാക്കാൻ പോരാടിയ നേതാവായിരുന്നു.മിച്ചഭൂമി സമരത്തിലും പങ്കെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് വിലാപ യാത്രയായി സി.പി.എം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസായ പി.കൃഷ്ണപിള്ള സ്മാരകത്തിൽ എത്തിച്ചു. നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു.
പന്തണ്ടര മണിയോടെ മൃതദേഹം വസതിയായ പൂവച്ചൽ മുളമൂട് ആയില്യത്തിൽ എത്തിച്ചു. രണ്ട് മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.ഭാര്യ:ജലജകുമാരി.മകൻ:കിരൺ (മർക്കന്റെയിൽ കോ ഓപ്പറേറ്റീവ് ബാങ്ക്).
മരുമകൾ:ആര്യ(ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷൻ).