july10a

ആറ്റിങ്ങൽ: മെറ്റൽ ഇറക്കുന്നതിനിടെ ടോറസ് ലോറി മറിഞ്ഞ് സമീപത്തെ വീടിന്റെ മതിൽ തകർന്നു. വീഴ്ചയുടെ ആഘാതത്തിൽ മതിലിന് സമീപത്തെ തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണ് വീടിന് സാരമായി കേടുപാടുകൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് വീട്ടുടമ രക്ഷപ്പെട്ടത്. ആറ്റിങ്ങൽ അവനവ‍ഞ്ചേരി തച്ചൂർക്കുന്നിനു സമീപത്ത് ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. പൈപ്പ് ലൈൻ റോഡിന്റെ പണിക്കായി വലിയ മെറ്റൽ കൊണ്ടുവന്ന ടോറസാണ് മറിഞ്ഞത്. മഴയിൽ കുതിർന്നിരുന്ന റോഡ് സൈഡിൽ ടയർ താഴ്ന്നായിരുന്നു അപകടം.

സമീപത്തെ ശിവാനന്ദന്റെ ആനന്ദഭവനത്തിന്റെ മതിലാണ് പൂർണമായും തകർന്നത്. ആനന്ദഭവനത്തിന് മുകളിൽ തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു. സംഭവസമയം ശിവാനന്ദനും ഭാര്യയും മകളും പേരക്കുട്ടിയും വീട്ടിലുണ്ടായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തെങ്ങ് മുറിച്ചു മാറ്റിയത്. ലോറി ഉയർത്താൻ ഏറെ പണിപ്പെടേണ്ടി വന്നു.