നഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞദിവസം രാത്രി ആരംഭിച്ച മഴ ഇന്നലെയും തുടർന്നു. കളിയലിലും പരിസരത്തുമാണ് കൂടുതൽ മഴ പെയ്തത്. മണിക്കൂറുകളോളം മഴ നീണ്ടതോടെ റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ ചിറ്റാർ, പേച്ചിപ്പാ ഡാമുകളിലെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ചിറ്റാറിൽ നിന്ന് 1052 ഘന അടിയും, പേച്ചിപ്പാറയിൽ നിന്ന് 3084 ഘന അടിയും, മാമ്പലത്തുറയാറിൽ നിന്ന് 20 ഘന അടിയും, മുക്കടൽ ഡാമിൽ നിന്ന് 7 ഘന അടി ജലവുമാണ് തുറന്നുവിട്ടത്. കുഴിത്തുറ, ചിതറാൽ, തിക്കുറിശ്ശി, വൈക്കലൂർ തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആറ്റിൽ ആരും ഇറങ്ങരുതെന്നും ജില്ലാഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.