home

വാമനപുരം: കാടിന് നടുവിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വക ഹോമിയോ ആശുപത്രിയും ഇഴജന്തുക്കളെ ഭയന്ന് ജീവനക്കാരും. വാമനപുരം ഗ്രാമപഞ്ചായത്തിന്റ ഓഫീസ് കെട്ടിടത്തിന്റ മൂക്കിന് താഴെ പ്രവർത്തിക്കുന്ന ആയുഷ് എൽ.എച്ച്.എം പ്രൈമറി ഹെൽത്ത്‌ സെന്ററിനാണ് ഈ അവസ്ഥ.

ഇഴജന്തുക്കളെ ഭയന്ന് രോഗികളും കയറിച്ചെല്ലാൻ മടിക്കുന്നു.

ഈ കെട്ടിടത്തിന്റെ പിറകുവശം സൺഷെയ്ഡ് വരെ ഈഞ്ച കാട് പടർന്നു കയറിക്കിടക്കുകയാണ്. കെട്ടിടത്തിന്റെ പൊക്കത്തിലാണ് കാടുകയറി കിടക്കുന്നത്. അതിനാൽ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണിവിടെ. അതിന്റെ കൂടെ പഞ്ചായത്ത് വക ഒരു വാട്ടർ ടാങ്കും ആശുപത്രിയിലേക്കുള്ള പ്രധാന കവാടത്തിന്റെ സൈഡിലായി ഇരിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷക്കാലമായി. ഇവിടെയെത്തുന്ന രോഗികളും നാട്ടുകാരും ഇതൊന്നു എടുത്തുമാറ്റാൻ ആവശ്യപ്പെട്ടിട്ടും പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. ആശുപത്രി ജീവനക്കാർ ഭയത്തോടുകൂടിയാണ് ഇവിടെ ജോലി ചെയ്യുന്നതും കുട്ടികളും മുതിർന്നവരുമായ രോഗികൾ ഇവിടെ വന്നുപോകുന്നതും.

വനം പോലെ കാട് കയറിയിട്ടും പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തുള്ള ഈ സർക്കാർ ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഭയപ്പാടില്ലാതെ രോഗികൾക്ക് കയറിച്ചെല്ലാനും ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുമുള്ള ചുറ്റുപാട് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജീവനക്കാർ - ഡോക്ടറടക്കം മൂന്ന് പേർ

ദിവസവും വരുന്നത് - 100 ലധികം രോഗികൾ. വാമനപുരം പഞ്ചായത്തിലെയും തൊട്ടടുത്ത പഞ്ചായത്തിലെയും ആളുകൾ ഇവിടെ വരുന്നുണ്ട്.

പ്രവർത്തനം - ഞായർ ഒഴിച്ച് ബാക്കി എല്ലാ ദിവസങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമാണ്.

പെരുമ്പാമ്പ് ഉൾപ്പെടെ

ആശുപത്രിയുടെ തൊട്ടു പിറകിൽ വാമനപുരം നദി ഒഴുകുകയാണ്. നദിയിലൂടെ ഒഴുകി വരുന്ന പെരുമ്പാമ്പ് ഉൾപ്പെടെയുള്ള ജീവികൾ ഇവിടെ നിത്യ സന്ദർശകരാണ്. ഇഴജന്തുക്കൾ നിത്യവും ഇവിടെ കാണുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.