vaccine

പാറശാല: താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പാറശാല ഗവ. സ്‌കൂളിൽ നടന്ന കൊവിഡ് വാക്സിൻ വിതരണത്തിൽ ക്രമക്കേട്. നടന്നതായി നാട്ടുകാരുടെ പരാതി. ടോക്കൺ ലഭിച്ച പലരും വാക്സിൻ ലഭിക്കാതെ മടങ്ങിയതാണ് പരാതിക്ക് കാരണമായത്. വേണ്ടപ്പെട്ടവർക്കായി വാക്സിൻ മറിച്ച് കൊടുത്തതായാണ് ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ ഇഞ്ചിവിള വാർഡ് കേന്ദ്രീകരിച്ച് നടന്ന വാക്സിൻ വിതരണത്തിലും ക്രമക്കേട് നടന്നിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പാറശാല ആശുപത്രിയുടെ ഭരണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് അടിയന്തിര യോഗം ചേരുകയും വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. എന്നാൽ ഒന്നാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാൻ എത്തിയവർ രണ്ടാമത്തെ ഡോസ് സ്വീകരിക്കാനായി എത്തിയവരുടെ ടോക്കൺ സ്വീകരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും കഴിഞ്ഞ ദിവസം എത്തിയവരിൽ 443 പേർക്ക് വാക്സിൻ നൽകിയതായും ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഫോട്ടോ: പാറശാല ഗവ.സ്‌കൂളിൽ നടന്ന വാക്സിൻവിതരണ കേന്ദ്രത്തിൽ നിന്നും ടോക്കൺ ലഭിക്കുന്നതിനായി നിൽക്കുന്ന ആളുകളുടെ നീണ്ട നിര.