തിരുവനന്തപുരം: സൗജന്യ അരി വിതരണത്തിൽ കേന്ദ്രത്തിന്റെ പങ്ക് പ്രചാരണത്തിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി രാഷ്ട്രീയ നേട്ടം സ്വന്തമാക്കാൻ കേന്ദ്ര സർക്കാരും. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിലൂടെ സംസ്ഥാന സർക്കാർ തുടർച്ചയായി 'ഗോള'ടിക്കുമ്പോഴാണ് കേന്ദ്ര സർക്കാർ ഒരുപടി കൂടി കടന്ന് പോസ്റ്റർ പ്രചാരണത്തിനിറങ്ങുന്ന്. സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ മേൽനോട്ടത്തിൽ തന്നെയാണ് കേന്ദ്രം പ്രചാരണ പരിപാടികൾ നടത്തുക.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതിപ്രകാരം നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ എല്ലാറേഷൻ കടകളിലും പതിക്കണമെന്ന നിർദ്ദേശം നൽകാൻ കഴിഞ്ഞ മൂന്നിന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാറേഷൻകടകളിലും ഉടൻ പോസ്റ്റർ പതിക്കണമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇവ റേഷൻകടകളിൽ പതിച്ചിട്ടുണ്ടോയെന്ന് ജില്ലാ സപ്ലൈ ഓഫീസർമാരും റേഷൻ ഇൻസ്‌പെക്ടർമാരും ഉറപ്പാക്കണം.
പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി 6.48 ലക്ഷം ടൺ അരിയും 0.79 ലക്ഷം ടൺ ഗോതമ്പുമാണ് സൗജന്യ നിരക്കിൽ സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിന് കേന്ദ്രം അനുവദിച്ചത്.
സൗജന്യ റേഷൻ വിതരണം രണ്ടു സർക്കാരുകളും രാഷ്ട്രീയ ആയുധമാക്കുന്ന കാര്യം ഡിസംബർ 21ന് 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു.
ബി.ജെ.പിയുടെ പരാതിക്ക് പരിഹാരം
കേന്ദ്രം നൽകുന്ന ഭക്ഷ്യധാന്യത്തിന് പ്രചാരണം നൽകുന്നില്ലെന്ന പരാതി കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനുണ്ടായിരുന്നു. പോസ്റ്റർ പതിക്കണമെന്ന നിർദ്ദേശത്തോടൊപ്പം
ഫുഡ്‌കോർപ്പറേഷൻ ഒഫ് ഇന്ത്യ (കേരളം) ജനറൽ മാനേജരോട് പദ്ധതിയുടെ പ്രചാരണം സംസ്ഥാനത്ത് ശക്തമാക്കാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഇടങ്ങളിൽ മോദിയുടെയും അതത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെയും ചിത്രങ്ങൾക്കാണ് ഇടം. എന്നാൽ, കേരളത്തിൽ മോദിയുടെ ചിത്രവും പദ്ധതിയിലൂടെ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ വിവരങ്ങളും മാത്രമാണുണ്ടാവുക.
കിറ്റ് സംസ്ഥാന സർക്കാരിന്റേത്
കിറ്റിന് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായമില്ലെന്നും നാളിതുവരെ 4648.29 കോടിയാണ് കിറ്റിന് മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ചെലവാക്കിയതെന്നും ബി.ജെ.പിയുടെ അവകാശവാദത്തിന് മറുപടിയായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
പോസ്റ്ററിന്റെ മാതൃക
ഗ്ലോസി ആർട്ട് പേപ്പറിൽ തയ്യാറാക്കേണ്ട പോസ്റ്ററിന്റ മാതൃക കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യ സെക്രട്ടറിക്ക് ഇ-മെയിലിൽ കൈമാറിയിട്ടുണ്ട്. റേഷൻകടകൾക്ക് പുറമെ ഗോഡൗണുകളിലും പൊതുജനശ്രദ്ധ പതിയുന്ന സ്ഥലങ്ങളിലും പോസ്റ്റർ പതിക്കണം. പോസ്റ്ററിൽ മാറ്റം വരുത്തുകയോ കൂട്ടിച്ചേർക്കലുകളോ പാടില്ലെന്ന നിർദ്ദേശമുണ്ട്.