പാലോട്: നന്ദിയോട്, പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാകുന്നു. രണ്ടാഴ്ചയ്ക്കിടെ വിവിധ സ്ഥലങ്ങളിലായി ഇവയുടെ ആക്രമണത്തിൽ നാലു പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
പെരിങ്ങമ്മല പഞ്ചായത്തിലെ കുണ്ടാളം കുഴിയിലായിരുന്ന അക്രമസ്വഭാവം കാട്ടിയ കാട്ടുപോത്തിനെ ആദ്യം കണ്ടത്. ഒരാഴ്ച നാടുവിറപ്പിച്ച കാട്ടുപോത്തിനെ പ്രദേശവാസികളുടെ സഹായത്തോടെ വനപാലകർ കാടുകയറ്റി വിട്ടു. രണ്ടു ദിവസം കഴിഞ്ഞ് പൊന്നാം ചുണ്ടിൽ ജനവാസ മേഖലയിലെത്തിയ കാട്ടുപോത്ത് കാർഷിക വിളകൾ നശിപ്പിച്ചതു കൂടാതെ ആദിവാസി യുവാവിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. വനമേഖലയോട് ചേർന്ന റബർ തോട്ടത്തിൽ ഒളിച്ച കാട്ടുപോത്തിനെ പിന്നെ നാട്ടുകാർ കാണുന്നത് പവ്വത്തൂർ മേഖലയിലാണ്.
അടുത്തതായി കണ്ടത് ഇളവട്ടത്തിനും താന്നിമൂടിനും ഇടയ്ക്കാണ്. ഇവിടെ രാവിലെ ജോലിക്കു പോവുകയായിരുന്ന മൂന്ന് പേർ സഞ്ചരിച്ച ഓട്ടോറിക്ഷ കുത്തിമറിച്ച് നശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ചികിത്സയിലാണ്. നന്ദിയോട് പഞ്ചായത്തിലെ പവ്വത്തുർ, കാലങ്കാവ്, പച്ച എന്നിവിടങ്ങളിലും കാട്ടുപോത്ത് നാശം വിതച്ചിട്ടുണ്ട്. വനപാലകരുടെ ഭാഗത്തു നിന്ന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.