കോവളം:കിണറ്റിൽ വീണ് പരിക്കേറ്റ വയോധികയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ആഴാകുളം കിഴക്കുംകര വീട്ടിൽ ചന്ദ്രികയ്ക്കാണ് (70) ഫയർഫോഴ്സ് രക്ഷകരായത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ അയൽവാസിയായ സുരേന്ദ്രന്റെ വീട്ടുമുറ്റത്തെ മുപ്പതടി താഴ്ചയുള്ള കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. നാലടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റിൽ പമ്പ് സെറ്റിന്റെ പൈപ്പിൽ പിടിച്ച് കിടന്നതാണ് രക്ഷയായത്. വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്ത് നിന്ന് സ്റ്റേഷൻ ഓഫീസർ ടി.കെ.അജയുടെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് യൂണിറ്റ് കിണറ്റിലിറങ്ങി നെറ്റുപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു.വീഴ്ചയിൽ കൈയൊടിഞ്ഞ ചന്ദ്രികയെ 108 ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.