പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ട് അമിത് ചക്കാലക്കലിനെ നായകനാക്കി, മലയാളി വ്യവസായി ജോബി. പി. സാം നിർമിക്കുന്ന ചിത്രമാണ് 'ജിബൂട്ടി'. എസ്.ജെ.സിനു എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഫ്രഞ്ച് ഉൾപ്പെടെ ആറ് ഭാഷകളിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വൈൽഡ് ആൻഡ് റോ ആക്ഷനുകൾ ആണെന്ന് സൂചന നൽകിക്കൊണ്ടുള്ള പോസ്റ്റർ കഴിഞ്ഞ ആഴ്ച അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബ്ലൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ, ആഫ്രിക്കൻ രാജ്യമായ 'ജിബൂട്ടി'യുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
മുൻപ് പുറത്തിറങ്ങിയ 'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന റൊമാന്റിക് ഗാനവും ശ്രദ്ധ നേടിയിരുന്നു. അതിൽ നിന്നും വ്യത്യസ്തമായ അമിത് ചക്കാലക്കലിന്റെ റഫ് ലുക്കും പോസ്റ്ററിൽ അനാവരണം ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകുന്നു. അഫ്സൽ അബ്ദുൾ ലത്തീഫ്, എസ്.ജെ.സിനു എന്നിവർ ചേർന്ന്
തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സംജിത് മുഹമ്മദാണ്.
ഛായാഗ്രഹണം: ടി.ഡി.ശ്രീനിവാസ്.