pulari

കിളിമാനൂർ: ഇന്ന് വായനശാലകൾ പലതും വായനദിനത്തിൽ മാത്രം ഓർക്കപ്പെടുന്ന ഒന്നായി മാറുകയാണ്. ഒരു കാലത്ത് ചെറുപ്പക്കാരുടെ ശ്രമഫലമായി പ്രദേശത്തെ സാമൂഹികമായും സാംസ്കാരികപരമായും ഉന്നതിയിൽ എത്തിക്കാൻ മുൻപന്തിയിൽ നിന്ന പുലരി ഗ്രന്ഥശാലയും അരനൂറ്റാണ്ടോടടുക്കുമ്പോൾ നാശത്തിന്റെ വക്കിൽ. പഴയകുന്നുമ്മൽ പഞ്ചായത്തിലെ അടയണിലെ ലൈബ്രറി കൗൺസിലിന്റെ നിയന്ത്രണത്തിലാണ് ഈ വായനശാല പ്രവർത്തിക്കുന്നത്.

1950 കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ ശ്രമഫലമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ഒരു വായനശാലയെ 5 സെന്റ് വസ്തു വാങ്ങി ഒരു കെട്ടിടം നിർമ്മിച്ച് അതിലേക്ക് മാറാനുള്ള ആശയം ഉരുത്തിരിയുകയും ആ പരിശ്രമത്തിൽ അവർ വിജയം കാണുകയും ചെയ്തു. തുടർന്ന് 1969 ഏപ്രിൽ 12ന് അന്നത്തെ മന്ത്രിയായിരുന്ന ടി.കെ. ദിവാകരൻ അടയമൺ പുലരി വായനശാലയുടെ തറക്കല്ലിട്ടു. 1976 ഫെബ്രുവരി മാസം 8ന് അന്നത്തെ ഗ്രന്ഥശാലസംഘത്തിന്റെ ജനറൽ സെക്രട്ടറി ആയിരുന്ന പി.എൻ പണിക്കർ ഗ്രന്ഥഥശാല ഉദ്ഘാടനം ചെയ്തു. തുടർന്ന് അടമണിന്റെ സാംസ്കാരിക മേഖലയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായി ഈ ഗ്രന്ഥശാല മാറി. വായനയുടെയും അറിവിന്റെയും ലോകം സൃഷ്ടിച്ച ഗ്രന്ഥശാല പ്രവർത്തന മികവും പുസ്തകങ്ങളുടെ എണ്ണം കൊണ്ടും സംസ്ഥാനത്തെ എ ഗ്രേഡ് ഗ്രന്ഥശാലകളുടെ കൂട്ടത്തിൽ എത്തി.

 വായനശാലയ്ക്ക് തറക്കല്ലിട്ടത്......... 1969ൽ

 ഉദ്ഘാടനം നടന്നത്.... 1976ൽ

കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ഈ ലൈബ്രറിയുടെ പ്രവർത്തനം അവതാളത്തിലാണ്. വായനശാലയിൽ എത്തുന്നവ‌ർക്ക് ആവശ്യമായവ ഇല്ലാത്തതിനാൽ വായനക്കാർ ലൈബ്രറിയിൽ നിന്നും കൊഴിഞ്ഞു പോയി.

 പുസ്തകങ്ങൾ നന്നായി സൂക്ഷിക്കുന്നില്ല,

സമയാസമയങ്ങളിൽ ലൈബ്രറി തുറക്കുന്നില്ല,

വായനക്കാർക്കായ് ഒരു ദിനപ്പത്രം പോലും ഇല്ല

ചിതലെടുത്ത കെട്ടിടത്തിൽ...

ലൈബ്രറിയുടെ ഇപ്പോഴത്തെ കെട്ടിടം അപകടാവസ്ഥയിലാണ്. കെട്ടിടത്തിന്റെ മേൽക്കൂരകൾ ദ്രവിച്ചും ഓടുകൾ പൊട്ടിയും ചുവരുകൾക്ക് പൊട്ടൽ ഉണ്ടാവുകയും വാതിലുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തു. മഴപെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥയും. ഒരു ടാർപ്പോളിൻ ഷീറ്റ് വിരിച്ചാണ് മഴയിൽ നിന്നുള്ള രക്ഷ. ഒരു കാലത്ത് വായനയുടെ വസന്തം സൃഷ്ടിച്ചിരുന്ന ഈ ഗ്രന്ഥശാലയെ വീണ്ടും പ്രതാപകാലത്ത് എത്തിക്കാൻ ഒരു കൂട്ടം ആൾക്കാർ മുൻപോട്ടു വരുമ്പോൾ അവരെ സഹായിക്കാൻ അധികൃതർ കൂടി തയ്യാറാകണം എന്നാണ് വായന മരിക്കാത്ത ഈ നാട്ടിലുള്ളവരുടെ ആവശ്യം.