കല്ലമ്പലം: നിയന്ത്രണം വിട്ട ഫ്രീസർ മിനിലോറി വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ കോവളം മുട്ടയ്ക്കാട് വെട്ടുവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം കിഴക്കേവിള പടിഞ്ഞാറ്റതിൽ അഖിൽ ഭവനിൽ അഖിൽരാജൻ (21), സഹായി കോവളം സ്വദേശി അഭിരാജ് (22) എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. കൊല്ലത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഫ്രീസർ ലോറി കൂരിരുട്ടിലായിരുന്ന കല്ലമ്പലം ജംഗ്ഷനിൽ ബ്രേക്ക് ചെയ്യവേ ചാറ്റൽ മഴയുണ്ടായിരുന്നതിനാൽ നിയന്ത്രണം തെറ്റി പോസ്റ്റിലിടിച്ച് സ്വകാര്യ വ്യക്തിയുടെ ഫുഡ് വെയർ കടയിലിടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുമ്പ് വൈദ്യുതി പോസ്റ്റ് വളഞ്ഞു. ലൈൻ കമ്പികൾ പൊട്ടി വീണു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചതിനു ശേഷമാണ് ഇരുവരെയും വാഹനത്തിൽ നിന്നും പുറത്തിറക്കിയത്.