k-sura

തിരുവനന്തപുരം: പട്ടികജാതിക്കാർക്കുളള ക്ഷേമഫണ്ട് പട്ടികജാതിക്കാരല്ലാത്ത സി.പി.എം നേതാക്കൾ തട്ടിയെടുക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗം പ്രതിൻ കൃഷ്ണയ്ക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം നഗരസഭയിലെ എസ്.സി പ്രമോട്ടറായ ചെറുപ്പക്കാരനെ സ്വാധീനിച്ചാണ് തിരുവനന്തപുരം ജില്ലയിൽ ഡി.വൈ.എഫ്.ഐ. നേതാവ് അദ്ദേഹത്തിന്റെയും മാതാപിതാക്കളുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വകമാറ്റിയത്.

തെളിവുസഹിതമാണ് ഡി.വൈഎഫ്.ഐ നേതാവിനും അച്ഛനും അമ്മയ്ക്കുമെതിരായി പൊലീസിൽ പരാതി നൽകിയത്.അവരെ ചോദ്യം ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയ്യാറായിട്ടില്ല.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ തട്ടിപ്പ് നടക്കുന്നുണ്ട്. പട്ടികജാതി വകുപ്പിൽ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി അന്നത്തെ മന്ത്രി എ.കെ.ബാലന് അറിയാമായിരുന്നു. സമഗ്രമായ അന്വേഷണം വേണം. മുഖ്യമന്ത്രി ഇടപെടണം.

പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും പഠനാവശ്യത്തിനും വിവാഹാവശ്യത്തിനുമായി കേന്ദ്രം നൽകുന്ന കോടികൾ പട്ടികജാതിക്കാരല്ലാത്ത സി.പി.എം നേതാക്കളുടെ പോക്കറ്റിലേക്കാണ് പോകുന്നത്. തട്ടിപ്പിൽ ട്രഷറി ഉദ്യോഗസ്ഥർക്കും പങ്കുണ്ട്.

ഭരണത്തിന്റെ

ദുരുപയോഗം

സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന് മേൽ ബി.ജെ.പി നേതാക്കൾക്കെതിരെ മൊഴി നൽകാൻ ജയിൽ സൂപ്രണ്ട് സമ്മർദ്ദം ചെലുത്തിയത് ഭരണ സംവിധാനത്തിന്റെ ദുരുപയോഗമാണ്. സി.പി.എം നിയന്ത്രണത്തിലുള്ള ജുഡിഷ്യൽ കമ്മിഷന് മുമ്പാകെ കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉൾപ്പെടെ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നേതാക്കളുടെ പേര് വരുത്താനാണ് ശ്രമം.ജുഡിഷ്യൽ കമ്മിഷനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.