കിളിമാനൂർ: വരയിൽ വിസ്മയമൊരുക്കുന്ന ഏഴാം ക്ലാസുകാരി മാളവികയ്ക്കും ഇന്ദ്രജാലത്തിലും ഷാഡോ പ്ലേയിലും അതുല്യയായ ചേച്ചി ഗോപികയ്ക്കും ക്ഷീര മന്ത്രി ജെ. ചിഞ്ചുറാണിയുടെ അഭിനന്ദനം. "വരയിൽ കൗതുകം പകർന്ന് ഏഴാം ക്ലാസുകാരി" എന്ന തലക്കെട്ടിൽ മാളവികയെ കുറിച്ച് കേരളകൗമുദിയിൽ വന്ന വാർത്തയെ തുടർന്ന് കുട്ടികളെ തന്റെ ഓഫീസിലേക്കു ക്ഷണിച്ച് പുസ്തകം നൽകിയാണ് മന്ത്രി അഭിനന്ദിച്ചത്. പൊതു വിദ്യാലത്തിൽ പഠിച്ച് വ്യത്യസ്ത മേഖലകളിൽ തിളങ്ങുന്ന കുട്ടികൾ നാടിനഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. കടയ്ക്കൽ ഗവ. യു.പി.എസിലെ വിദ്യാർത്ഥിയാണ് ബലൂൺ ആർട്ടിസ്റ്റ് കൂടിയായ മാളവിക. ചേച്ചി ഗോപിക ഇന്ദ്രജാലക്കാരിയും ഏറ്റവും പ്രായം കുറഞ്ഞ ഷാഡോഗ്രഫറുമാണ്. ജനയുഗം മാനേജിംഗ് ഡയറക്ടർ ജയപ്രകാശ്, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി. അനിൽ, ബ്ലോക്ക് പഞ്ചായത്തംഗം സുധിൻ കടയ്ക്കൽ, കാഥികൻ പുളിമാത്ത് ശ്രീകുമാർ, തബലിസ്റ്റ് കടയ്ക്കൽ ഹരിദാസ്, മജിഷ്യൻ ഷാജു കടയ്ക്കൽ, മാസ്റ്റർ ആനന്ദ് എന്നിവർ പങ്കെടുത്തു.