പാലോട്: കേന്ദ്ര, സംസ്ഥാന സർവീസുകളിൽ ജോലി നേടിയതും പ്രവാസികളായതും ബിസിനസ്സ് രംഗത്തുള്ളതുമായ നീന്തൽ താരങ്ങളടങ്ങിയ കൂട്ടായ്മയാണ് ഉത്രം ബ്രദേഴ്സ്. നന്ദിയോട് പച്ച കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ഭാരവാഹികളില്ല. പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് അന്നദാനം നൽകുന്നതിനുവേണ്ടിയുള്ള സഹായം സ്വരൂപിച്ച് തുടങ്ങിയ കൂട്ടായ്മ ഇപ്പോൾ ചികിത്സാസഹായം, ഭക്ഷ്യധാന്യ കിറ്റ് വിതരണം, സ്മാർട്ട് ഫോൺ വിതരണം, പഠനോപകരണ വിതരണമടക്കം വിവിധ പദ്ധതികളാണ് നാളിതുവരെ നടപ്പിലാക്കിയത്. സംഘടനക്ക് പുറത്തുള്ളവരിൽ നിന്നും ഒരു സഹായവും സ്വീകരിക്കാതെയാണ് ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യപ്രവർത്തനങ്ങൾ ഇവർ ചെയ്യുന്നത്. സംഘടന നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ ബിരിയാണി ചലഞ്ചിലൂടെ എല്ലാ ഞായറാഴ്ചയും നിർദ്ധനരായവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 100 രൂപയ്ക്കും ബിരിയാണി നൽകുന്നു. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനവും കാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് അംഗങ്ങളുടെ തീരുമാനം.
caption: ഉത്രം ബ്രദേഴ്സ് അംഗങ്ങൾ