വർക്കല :വർക്കലയുടെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു ശനിയാഴ്ച നാര്യാതനായ അഡ്വ.ജി.പുഷ്പാംഗദൻ (85).വർക്കല കോടതിയിൽ അഭിഭാഷകനായിരുന്ന അദ്ദേഹം കോൺഗ്രസിലൂടെയാണ് സജീവ പൊതുപ്രവർത്തനം തുടങ്ങിയത്.അര നൂറ്റാണ്ടുകാലം വർക്കലയിൽ കോൺഗ്രസിന്റെ നെടുംതൂണുകളിലൊന്നായി പ്രവർത്തിച്ചു.1970-80 കാലഘട്ടത്തിൽ കെ.എസ്.യു,യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കും വഹിച്ചു.അക്കാലത്ത് സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട് വർക്കലയിലെത്തുന്ന നേതാക്കളുടെയെല്ലാം അഭയസ്ഥാനമായിരുന്നു അദ്ദേഹം ടണൽ വ്യൂവിൽ നടത്തിയിരുന്ന എസ്.എൻ.വി സദ്യാലയം. പില്ക്കാലത്ത് കോൺഗ്രസിന്റെ അമരക്കാരായിത്തീർന്ന അവരിൽ ഒട്ടു മുക്കാൽ പേരും ഒരിക്കലെങ്കിലും അവിടെ അന്തിയുറങ്ങിയിട്ടുള്ളവരുമാണ്.പലരും അക്കാര്യം ഇപ്പോഴും അനുസ്മരിക്കാറുമുണ്ട്.കെ.കരുണാകരൻ,സ്വാമി ശാശ്വതികാനന്ദ തുടങ്ങിയവരുമായെല്ലാം അടുത്ത ബന്ധം പുലർത്തിയിരുന്നു.ഇരുപതു വർഷം കെ.പി.സി.സി അംഗമായിരുന്നു.സംസ്ഥാനത്ത് ആദ്യമായി ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിച്ചപ്പോൾ തൊഴിലാളികളുടെ പ്രതിനിധി എന്ന നിലയിൽ അതിൽ അംഗമായി.എസ്.എൻ ട്രസ്റ്റ് ബോർഡoഗം,എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വർക്കല നഗരസഭാ കൗൺസിലർ ,വർക്കല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം അഡ്വസറി കമ്മിറ്റി അംഗം,എസ്.എൻ ട്രസ്റ്റിന്റെ വർക്കല ആർ.ഡി. സി കൺവീനർ,വർക്കലേ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: അയിഷ മക്കൾ : മനു, ജയശങ്കർ , ജയകൃഷ്ണൻ, രാജകൃഷ്ണൻ. മരുമക്കൾ : ജിലു ,ഡോ. മായ, ശ്രീ ജ. സംസ്കാരം: 13ന് രാവിലെ വസതിയായ ശ്രീനിവാസപുരം പ്രശാന്തിയിൽ രാവിലെ 10 മണിക്കു ശേഷം.