വക്കം: വക്കം നിവാസികളുടെ യാത്രാസൗകര്യത്തിനായി കെ.എസ്.ആർ.ടി.സി നിർമ്മിച്ചു നൽകിയ ബസ് ഷെൽട്ടർ അനാഥം. വക്കം കായിക്കരക്കടവിന് സമീപത്തെ മൃഗാശുപത്രി ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രമാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. വക്കം - എറണാകുളം ഫാസ്റ്റ് പാസഞ്ചർ, വക്കം - മെഡിക്കൽ കോളേജ് എന്നീ രണ്ട് ബസ് ജീവനക്കാരുടെ താമസവും പ്രാഥമികവാശ്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്.
പകൽ സമയങ്ങളിൽ വക്കത്ത് അവസാനിക്കുന്ന പത്തിലധികം സ്വകാര്യ ബസുകൾ അടക്കം ഇവിടെയാണ് വക്കത്തെ സ്റ്റാൻഡായി ഉപയോഗിച്ചിരുന്നത്. യാത്രക്കാർക്ക് കയറി നിൽക്കാനും, ഇരിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. എന്നാൽ സ്റ്റേ ബസുകൾ കെ.എസ്.ആർ.ടി.സി. നിറുത്തിയതോടെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശനിദശയും ആരംഭിച്ചു. കെട്ടിടം സംരക്ഷണമില്ലാതെ നശിക്കുകയും, ഇതോടനുബന്ധിച്ചുള്ള സ്ഥലം കാട് കയറി നശിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ പിറകുവശത്തെ പത്ത് സെന്റ് സ്ഥലവും കാടു കയറിയ നിലയിലാണിപ്പോൾ.
ലോക്ക് ഡൗൺ ആരംഭിച്ചതോടെ സ്വകാര്യ ബസുകളും ഓട്ടം കുറച്ചു. ഇതിനിടയിൽ വക്കം ഗ്രാമ പഞ്ചായത്തിന്റെ ഹരിത കർമ്മസേനയുടെ പ്ലാസ്റ്റിക് ശേഖരിക്കുന്ന വലിയ ഇരുമ്പ് കൂട് കൂടി ഇതിന് മുന്നിൽ സ്ഥാപിച്ചതോടെ ബസ് സ്റ്റാൻഡ് അനാഥമായി. വക്കത്ത് അവസാനിക്കുന്ന ബസുകളുടെ പാർക്കിംഗ് മേഖലയിലാണി കൂട് സ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് പുറമേ ബസ് തിരിച്ചിടാനും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സ്റ്റാൻഡിന്റെ പിൻവശത്തെ സർക്കാർ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയാണിപ്പോൾ.
കയറിന്റെ സുവർണകാലത്ത് നൂറു കണക്കിന് യാത്രക്കാർ വന്ന് പോയിരുന്ന സ്റ്റാൻഡിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദുഃഖകരമെന്നാണ് നാട്ടുകാർ പറയുന്നത്. സ്റ്റാൻഡ് സംരക്ഷിക്കുകയും, അനുബന്ധ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്താൽ വക്കത്തിന്റെ മുഖം മാറുക തന്നെ ചെയ്യും. വക്കം ഗ്രാമ പഞ്ചായത്തിന് പുറമേ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തുകാർക്ക് കൂടി ഉപയോഗ പ്രധമാണി ബസ് സ്റ്റാൻഡ്.