തിരുവനന്തപുരം: കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കിരീടം ചൂടിയ ടീം അർജന്റീനയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ചലച്ചിത്ര താരങ്ങൾ. ലോകമാകെയുള്ള ഫുട്‌ബാൾ പ്രേമികൾ ഉറ്റുനോക്കിയിരുന്ന സൗത്ത് അമേരിക്കൻ ക്ലാസിക്കോയുടെ ഫൈനൽ വിസിൽ മുഴങ്ങിയതോടെ സമൂഹ മാദ്ധ്യമങ്ങളിൽ ആരാധകരുടെ ആഘോഷപ്രകടനങ്ങൾക്കും തുടക്കമായി. ഇക്കൂട്ടത്തിലാണ് തങ്ങളുടെ പ്രിയടീമിന് ആശംസകളുമായി താരങ്ങളും എത്തിയത്.
'അഭിനന്ദനങ്ങൾ ലിയോ, നിങ്ങൾ ഇത് ശരിക്കും അർഹിക്കുന്നു', കോപ്പ കിരീടം ചുംബിക്കുന്ന മെസിയുടെ ചിത്രത്തിനൊപ്പം ജയസൂര്യ ട്വീറ്റ് ചെയ്തു. 'ആ കാത്തിരിപ്പിന് അന്ത്യമായിരിക്കുന്നു!!! മെസിക്കും അർജന്റീനയ്ക്കും ആശംസകൾ!! എന്തൊരു മത്സരമായിരുന്നു ഇത്!' എന്ന് നിവിൻ പോളി.
കോപ്പ ട്രോഫി ഏറ്റുവാങ്ങി ചുംബിക്കുന്ന മെസിയുടെ ചിത്രത്തിനൊപ്പം കൈയടികളുടെ സ്‌മൈലിയാണ് ദുൽഖർ സൽമാൻ പോസ്റ്റ് ചെയ്തത്. 'മാറക്കാന ഡൺ..!! ഇനി ഖത്തർ', കിരീടനേട്ടത്തിനൊപ്പം മെസിയെ എടുത്തുയർത്തുന്ന മറ്റ് അർജന്റീന ടീമംഗങ്ങളുടെ ചിത്രത്തിനൊപ്പം സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഫേസ്ബുക്കിൽ ഷെയർ ചെയ്തു.