photo

നെടുമങ്ങാട്‌: കഷ്ടപ്പാടുകളോടും പ്രാരാബ്ധങ്ങളോടും പടപൊരുതി മാതാപിതാക്കളുടെ സ്വപ്നം സഫലീകരിച്ച ഡോക്ടർ ആനിയെ മന്ത്രി അഡ്വ.ജി.ആർ.അനിൽ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. ആനി പുതുതലമുറയ്ക്ക് മാതൃകയാണെന്നും ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കരുപ്പൂര് പള്ളിനട എം.എസ് ഭവനിൽ ടാപ്പിംഗ് തൊഴിലാളി മോഹനന്റെയും സ്വകാര്യ ബാങ്കിൽ കളക്ഷൻ ഏജന്റ് ഷീജയുടെയും മകളായ ആനിയുടെ അഭിമാന വിജയം 'കേരളകൗമുദി" യിലൂടെയാണ് താൻ അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിടോടെ ആനിയുടെ വീട് സന്ദർശിച്ച മന്ത്രി ഒരു മണിക്കൂറോളം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ചു. കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനത്തിന് പുറമെ കാനറാ ബാങ്കിൽ നിന്നും 20 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് മകൾക്ക് എം.ബി.ബി.എസ് അഡ്മിഷൻ നേടിയതെന്ന് മോഹനനും ഷീജയും പറഞ്ഞു. ആനിയുടെ സഹോദരൻ എംകോം എൽ.എൽ.ബി വിദ്യാർത്ഥിയായ അനൂപിനെയും മന്ത്രി അഭിനന്ദിച്ചു. സി.പി.ഐ കരുപ്പൂര് എൽ.സി സെക്രട്ടറി മഹേന്ദ്രൻ ആചാരി, ജ്യോതി ബസു, ഉഴപ്പാകോണം സന്തോഷ്‌, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബാബുരാജ് എന്നിവർ പങ്കെടുത്തു.

caption: മന്ത്രി അഡ്വ.ജി.ആർ.അനിൽ ഡോക്ടർ ആനിയെയും സഹോദരനെയും മാതാപിതാക്കളെയും വീട്ടിലെത്തി അനുമോദിക്കുന്നു