ആലത്തൂർ: പൊലീസ് സൈബർ സെൽ ഉദ്യോഗസ്ഥനാണെന്ന വ്യാജേന പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ആലത്തൂർ പൊലീസ് പിടികൂടി. നെടുമങ്ങാട് കുരുപ്പുഴ നന്ദിയോട് പച്ചപ്പാലുവള്ളി സ്മിത ഭവനിൽ ദീപു കൃഷ്ണ(37) ആണ് പിടിയിലായത്. സൈബർ സെൽ ഉദ്യോഗസ്ഥനെന്ന വ്യാജേന ആലത്തൂർ സ്വദേശിയായ യുവതിയെ ഫോണിൽ വിളിച്ച് പൈസ ആവശ്യപ്പെടുകയായിരുന്നു.
ആദ്യം നൽകാമെന്നേറ്റ പണം നൽകില്ലെന്ന് പറഞ്ഞെങ്കിലും യുവാവ് പണം കുറച്ച് നൽകാൻ
ആവശ്യപ്പെടുകയായിരുന്നു.ഇതോടെയാണ് തട്ടിപ്പാണെന്ന് യുവതിക്ക് സംശയം തോന്നിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ച യുവതി നേരിട്ട് വന്നാൽ ആവശ്യപ്പെട്ട പണം നൽകാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. പണം വാങ്ങാൻ യുവതിയുടെ ആലത്തൂരിലെ വീട്ടിലെത്തിയ യുവാവ് കബളിക്കപ്പെട്ടുവെന്ന് മനസിലാക്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവതിയുടെയും നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിത ഇടപെടലിൽ പിടിയിലായി.
സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ തിരുവനന്തപുരം ജില്ലയിൽ നാലോളം കേസുകൾ നിലവിലുണ്ട്. ആലത്തൂർ സി.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.