roshi-augustine

തിരുവനന്തപുരം: ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വാട്ടർ അതോറിറ്റി ജീവനക്കാർ അലംഭാവം വെടിയണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജലവിഭവ വകുപ്പിലെ എൻജിനീയർമാരുടെ സംഘടനകളായ അസോസിയേഷൻ ഒഫ് പബ്ലിക് ഹെൽത്ത് എൻജിനീയേഴ്സ് കേരള (എ.പി.എച്ച്.ഇ.കെ), എൻജിനീയേഴ്സ് ഫെഡറേഷൻ ഒഫ് കേരളാ വാട്ടർ അതോറിറ്റി ( ഇ.എഫ്.കെ.ഡബ്ല്യു.എ), അസിസ്റ്റന്റ് എൻജിനീയേഴ്സ് അസോസിയേഷൻ (എ.ഇ.എ) എന്നിവ സംയുക്തമായി നടത്തിയ എൻജിനീയേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തടസങ്ങൾ ഒഴിവാക്കി ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്ന തരത്തിൽ ജലവിഭവ വകുപ്പിനെ നവീകരിക്കും. ഓരോ ഉദ്യോഗസ്ഥനും ജല അംബാസഡർമാരാകണം. വകുപ്പിനെ ജനങ്ങളോട് അടുപ്പിക്കണം.

മോട്ടോറുകളും പൈപ്പുകളും വകുപ്പ് നേരിട്ട് വാങ്ങി, ആ തുക ടെൻഡറിൽ നിന്ന് കുറച്ച് കരാറുകാരന് നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇതുവഴി പദ്ധതികൾ പൂർത്തിയാക്കാൻ ആറുമാസത്തോളം ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോഡു പണിയുമായി ബന്ധപ്പെട്ട് വകുപ്പ് ഏറെ പഴി കേൾക്കുന്നുണ്ട്. നല്ലൊരു റോഡ് വരാൻ ഒരിക്കലും വാട്ടർ അതോറിറ്റി തടസം നിൽക്കരുത്. 40 വർഷമൊക്കെ പഴക്കമുള്ള പൈപ്പ് ആണെങ്കിൽ അത് മാറ്റി സ്ഥാപിക്കാൻ തീരുമാനമെടുക്കണമെന്നും മന്ത്രി പറഞ്ഞു.