saksharatha

തിരുവനന്തപുരം: കൊവിഡ് കാലത്തും മുടങ്ങാതെ ജോലി ചെയ്ത സാക്ഷരതാ പ്രേരക്മാർക്ക് ശമ്പളം നൽകാതെ സർക്കാരിന്റെ ക്രൂരത. കഴിഞ്ഞ അഞ്ച് മാസമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ട്. സാക്ഷരതാ മിഷന് കീഴിൽ 1860 പ്രേരക്മാരാണുള്ളത്. തുച്ഛമാണെണങ്കിലും ആകെയുള്ള വരുമാനം കൂടി മുടങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ് സാക്ഷരതാ പ്രേരകുമാർ. കൊവിഡിന്റെ ഒന്നാം തരംഗത്തെ തുടർന്ന് മുടങ്ങിയ ശമ്പളം മാസങ്ങൾക്ക് ശേഷമാണ് ലഭിച്ചത്.

60 ശതമാനം സർക്കാർ വിഹിതവും ബാക്കി 40 ശതമാനം സാക്ഷരതാ മിഷന്റെ വരുമാനത്തിൽ നിന്നും എടുത്താണ് പ്രേരക്മാർക്ക് ശമ്പളം കൊടുക്കുന്നത്. അസിസ്‌റ്റന്റ് രേരക്മാർക്ക് 10,​500,​ പ്രേരക്മാർക്ക് 12,​000,​ നോഡൽ പ്രേരക്മാർക്ക് 15,​000 എന്നിങ്ങനെയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഈ ശമ്പളം ലഭിക്കണമെങ്കിൽ

നാലാംക്ലാസ്, ഏഴാംക്ലാസ്, എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി എന്നിവയിൽ തുല്യതാപരീക്ഷയെഴുതാൻ നിശ്ചിത എണ്ണം പഠിതാക്കളെ കണ്ടെത്തണം. ഈ എണ്ണം തികയ്‌ക്കാൻ പലപ്പോഴും ഇവർക്ക് സാധിക്കാറില്ല. എണ്ണം കുറയുന്നതോടെ ശമ്പളത്തിലും ആനുപാതികമായ കുറവ് വരും. നിലവിൽ ഭൂരിപക്ഷം പ്രേരക്മാർക്കും 5000ൽ താഴെ മാത്രമാണ് ശമ്പളമായി ലഭിക്കുന്നത്. ഈ തുക കൂടി ഇല്ലാതായതോടെ നിത്യച്ചെലവിന് തന്നെ ബുദ്ധിമുട്ടുകയാണിവർ. ശമ്പളം ലഭിക്കാത്തതെന്താണെന്ന ചോദ്യത്തിന് സർക്കാർ വിഹിതം ലഭിച്ചിട്ടില്ലെന്നാണ് മിഷൻ ഡയറക്ടറുടെ മറുപടിയെന്നും പ്രേരക്മാർ പറയുന്നു.

പഞ്ചായത്ത് തലത്തിൽ കൊവിഡ് ഡ്യൂട്ടിയും ഇവർക്ക് നൽകിയിട്ടുണ്ട്. ബഡ്‌ജറ്റിൽ മിഷൻ പ്രവർത്തനങ്ങൾക്കായി കോടികൾ മാറ്റിവയ്‌ക്കുമ്പോഴും ഇവർക്ക് മാത്രം അതിന്റെ പ്രയോജനമൊന്നും ലഭിക്കുന്നില്ല. ചികിത്സയ്ക്ക് പോലും പണമില്ലാതെ ഒരു വർഷത്തിനിടയിൽ മൂന്ന് പ്രേരക്മാർ മരിച്ചുവെന്നും ഇവർ പറയുന്നു.

അതേസമയം, കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രേരക്മാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുനർവിന്യസിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതായി മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല പറഞ്ഞു. ഈ വർഷം മാർച്ച് വരെയുള്ള ശമ്പളം നൽകിയിട്ടുണ്ട്. ഏപ്രിൽ മുതലുള്ള ശമ്പളം നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണെന്നും ഡയറക്ടർ വ്യക്തമാക്കി.

കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവരാണെന്ന പരിഗണന പോലും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല. വാക്‌സിനേഷനും മുൻഗണന നൽകുന്നില്ല. പ്രതിഷേധിച്ചാൽ പ്രതികാര നടപടിയാണ് മിഷൻ ഡയറക്ടർ സ്വീകരിക്കുന്നത് - ഒരുകൂട്ടം പ്രേരക്മാർ