1

പൂവാർ: അരുമാനൂരിലെ പൂവാർ കൃഷിഭവൻ പുനഃർനിർമ്മിക്കണം എന്ന ആവശ്യം ശക്തമാകുന്നു. ഉദ്ഘാടനം നടന്ന് മാസങ്ങൾക്കുള്ളിൽ തന്നെ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. ശക്തമായ കാറ്റോ, മഴയോ ഉണ്ടാകുമ്പോൾ കെട്ടിടം നിലംപൊത്തുമെന്ന അവസ്ഥയിലായി. ഈ പരിതാപകരമായ സാഹചര്യത്തെ അതിജീവിച്ചും രണ്ട് പതിറ്റാണ്ടുകാലം സ്വന്തം കെട്ടിടത്തിൽ കൃഷിഭവൻ പ്രവർത്തിച്ചു. ഇക്കാലയളവിൽ ഫയലുകളും ഓഫീസ് ഉപകരണങ്ങളും വെള്ളം വീണ് നശിച്ചു. ജീവനക്കാരുടെ ജീവന് ഭീഷണിയാകുന്ന അവസ്ഥയിലാണ് 2017 ഡിസംബറിൽ പൂവാർ ഗ്രാമ പഞ്ചായത്ത് അവിടെ നിന്നും കൃഷിഭവൻ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. അതിനെ തുടർന്ന് സമീപത്തെ എസ്.എൻ.എസ് ഗ്രന്ഥശാലാ കെട്ടിടത്തിലേക്ക് കൃഷിഭവൻ മാറി.

എന്നാൽ കഴിഞ്ഞ 4 വർഷത്തോളമായി പഴയ കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ്. കെട്ടിടത്തിന് ചുറ്റും കാടും പടർപ്പും കൊണ്ട് നിറഞ്ഞു. കോൺക്രീറ്റ് കെട്ടിടത്തിന്റെ ചുവരുകളും തൂണും പൊട്ടിപ്പൊളിഞ്ഞു. വാതിലുകളും ജനാലകളും ദ്രവിച്ചു. കാട് മൂടിയതോടെ അവിടം ഇപ്പോൾ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി. പകൽ നേരങ്ങളിൽ പോലും അതുവഴി നടക്കാൻ ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ കെട്ടിടം നവീകരിക്കാനോ, പുനർനിർമ്മിക്കാനോ ഗ്രാമ പഞ്ചായത്ത് തയാറാകുന്നില്ലന്നാണ് പ്രദേശവാസികളുടെ പരാതി. കൃഷിഭവൻ പുനർ നിർമ്മിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രക്ഷോഭംത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.

സൺ ഷെയ്ഡും സീലിംഗും അടർന്ന് വീണു.

മഴക്കാലത്ത് ഉണ്ടാകാറുള്ള ചോർച്ച അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ടെറസ്സിന് മുകളിൽ ആസ്ബറ്റോസ് ഉപയോഗിച്ച് മേൽക്കൂര നിർമ്മിച്ചിട്ടും കെട്ടിടം തകർന്നു

 കാരണം നിർമ്മാണത്തിലെ പാകപ്പിഴ

1996-ൽ അരുമാനൂർ ശ്രീനയിനാർ ദേവക്ഷേത്ര യോഗമാണ് പൂവാർ ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ നിർമ്മിക്കാൻ 5 സെന്റ് സ്ഥലം അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റിന് കൈമാറിയത്. അന്ന് എം.എൽ.എ ആയിരുന്ന ഡോ. എ. നീലലോഹിതദാസിന്റെ ശ്രമഫലമായി അരുമാനൂരിൽ പൂവാർ കൃഷിഭവൻ നിർമ്മിച്ചത്. ഇപ്പോൾ 25 വർഷം പിന്നിടുന്നെങ്കിലും കുറച്ച് വർഷങ്ങൾ മാത്രമെ കെട്ടിടം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളു. കെട്ടിട നിർമ്മാണത്തിലെ പാകപ്പിഴയാണ് തകർച്ചയ്ക്ക് കാരണമെന്ന് സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം.

 പഴിചാരി വകുപ്പുകൾ

കെട്ടിടം പുനർ നിർമ്മിക്കുന്ന കാര്യത്തിൽ ഗ്രാമ പഞ്ചായത്തും കൃഷിവകുപ്പും പരസ്പരം പഴി ചാരുകയാണ്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി കൃഷി ഭവനുകൾ ഇപ്പോൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ്. ഓഫീസ് ചെലവുകൾ പോലും ഗ്രാമ പഞ്ചായത്തുകളാണ് നൽകുന്നത്. കൃഷിഭവന് പുതിയ കെട്ടിടം വേണം എന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഗ്രാമ പഞ്ചായത്ത് അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെടുന്നത്.

കെട്ടിടം പുനർനിർമ്മിക്കാൻ ഞങ്ങൾ കൃഷി വകുപ്പിന് റിക്വസ്റ്റ് നൽകി. എന്നാൽ ഗ്രാമ പഞ്ചായത്തിനെ സമീപിക്കാനാണ് അവർ നിർദ്ദേശിച്ചത്. അതിൻ പ്രകാരം ഗ്രാമ പഞ്ചായത്തിനും റിക്വസ്റ്റ് നൽകിയിട്ടുണ്ട്. അനുകൂല മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല.

സിന്ധു, കൃഷി ഓഫീസർ

ഫോട്ടോ: അരുമാനൂരിൽ കാട് മൂടി തകന്ന് കിടക്കുന്ന പൂവാർ കൃഷി ഭവൻ