അഞ്ചുതെങ്ങ്: ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ കത്താതായിട്ട് മാസങ്ങളായി. വഴിവിളക്കുകൾ കത്താത്തതിനാൽ പ്രദേശത്ത് തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമായതായി നാട്ടുകാർ പരാതിപ്പെടുന്നു. രാത്രികാലങ്ങളിൽ ഇതുവഴിയുള്ള യാത്രയും ദുഷ്കരമാണ്.
നിലാവ് പദ്ധതിയുടെ ഭാഗമായി മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിൽ വർഷത്തിൽ 500 തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കാനും പദ്ധതിയിലുണ്ട്.
പദ്ധതി നടപ്പിലായാൽ 90 ശതമാനം വരെ കുറഞ്ഞ വൈദ്യുതി മതിയെന്നാണ് കണക്ക്. എൽ.ഇ.ഡിയുടെ കൂടുതൽ കാലത്തെ സുരക്ഷ, അറ്റകുറ്റപ്പണി തുടങ്ങിയവ വഴി പണം ലാഭിക്കുന്ന പദ്ധതിക്ക് കെ.എസ്.ഇ.ബിയാണ് മേൽനോട്ടം വഹിക്കുന്നത്. ഏഴ് വർഷത്തെ സുരക്ഷയും തകരാർ വന്നാൽ സൗജന്യമായി മാറ്റി സ്ഥാപിക്കുകയും അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി പദ്ധതി പ്രകാരം തദ്ദേശസ്ഥാപനങ്ങൾ കെ.എസ്.ഇ.ബിയുമായി കരാർ വയ്ക്കുകയും ചെയ്യണം.
എന്നാൽ വക്കം, കടയ്ക്കാവൂർ തുടങ്ങിയ പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കി തുടങ്ങിയിട്ടും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ ഏതാനും ചില മെമ്പർമാർ അതാത് വാർഡുകളിൽ സ്ഥാപിക്കേണ്ട ലൈറ്റുകളുടെ എണ്ണവും പൂർത്തീകരിക്കേണ്ട പോസ്റ്റുകളുടെ നമ്പരടക്കം അധികൃതർക്ക് കൈമാറിയെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്നും ആക്ഷേപമുണ്ട്.
നിലാവ് പദ്ധതി
തദ്ദേശസ്ഥാപനങ്ങളിലെ വഴിവിളക്കുകൾ പ്രകാശപൂരിതമാക്കാനും, അറ്റക്കുറ്റപ്പണികൾ കൃത്യമായി നടപ്പിലാക്കാനും ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് നിലാവ്.
പരമ്പരാഗത തെരുവുവിളക്കുകൾ സ്ഥാപിച്ചും അറ്റക്കുറ്റപ്പണികൾ നടത്തിയും തദ്ദേശസ്ഥാപനങ്ങളിൽ വൈദ്യുതി നിരക്കിലടക്കം വൻതോതിൽ പണം ചോരുന്ന നടപടികൾക്ക് തടയിടുക എന്നതും പദ്ധതി ലക്ഷ്യമിട്ടിരുന്നു.
പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്
കെ.എസ്.ഇ.ബി
പദ്ധതി നടപ്പിലായാൽ 90 ശതമാനം വരെ കുറഞ്ഞ വൈദ്യുതി മതിയെന്നാണ് കണക്ക്
വഴിവിളക്കുകളുടെ അഭാവം സാമൂഹ്യ വിരുദ്ധ ശല്യങ്ങൾക്കും ഇഴജന്തുക്കൾ ഉൾപ്പെടെയുള്ളവയുടെ ശല്യങ്ങൾക്കും കാരണമാകുന്നുണ്ട്.
അഞ്ചുതെങ്ങ് സജൻ, സാമൂഹിക പ്രവർത്തകൻ