നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രി വളപ്പിലെ തണൽ മരങ്ങൾ മുറിക്കാനുളള നീക്കത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി വിചാർ വിഭാഗ് നെയ്യാറ്റിൻകര നഗരസഭാ മണ്ഡലം കമ്മിറ്റി ഇന്ന് ആശുപത്രി ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന ഹരിത കൂട്ടായ്മ വിചാർ വിഭാഗ് ജില്ലാ ചെയർമാൻ അഡ്വ. വിനോദ് സെൻ ഉദ്ഘാടനം ചെയ്യും. അപകടാവസ്ഥയിലല്ലാത്ത മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ 9ന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രി സംരക്ഷണസമിതിയും പരിസ്ഥിതി പ്രവർത്തകരടക്കമുളള പൊതുജനങ്ങളും എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ആശുപത്രി ജംഗ്ഷനെ മരുഭൂമിയാക്കി മാറ്റുന്ന തീരുമാനം പുനഃപരിശോധിക്കാൻ ജില്ലാ പഞ്ചായത്ത് അധികാരികൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് ഹരിത കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കൊവിഡ് കാലത്ത് വൻവൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് മണ്ഡലം ചെയർമാൻ ടി.എസ്. ലിവിൻസ് കുമാർ അറിയിച്ചു.