house

തിരുവനന്തപുരം: '' അപ്പു, ഓൺലൈൻ ക്ലാസ് തുടങ്ങി വേഗം വാ...നിവേദിതയുടെ അമ്മ കവിതയ്ക്ക് രാവിലെ ഇങ്ങനെ വിളിക്കാൻ തന്റെ പ്രിയപ്പെട്ട മകൾ ഇനിയില്ല. മിക്‌സ്ചർ തൊണ്ടയിൽ കുടുങ്ങി കഴിഞ്ഞ ദിവസം മരിച്ച തൃക്കണ്ണാപുരം തേവർപഴിഞ്ഞി മേക്കതിൽ പുത്തൻവീട്ടിൽ രാജേഷ് - കവിത ദമ്പതികളുടെ ഏക മകൾ ആറുവയസുകാരി നിവേദിതയുടെ വേർപാട് ആ വീട്ടിലെ വെളിച്ചം തന്നെ കെടുത്തി. ഓട്ടോ ഡ്രൈവറായ രാജേഷിനും വീട്ടമ്മയായ കവിതയ്ക്കും ഇതുവരെയും ഞെട്ടൽ മാറിയിട്ടില്ല. കോട്ടൺഹിൽ സ്‌കൂളിൽ യു.കെ.ജി ക്ളാസ് കഴിഞ്ഞ് ഒന്നാം ക്ളാസിലേക്കുള്ള പ്രവേശനത്തിന്റെ രേഖകൾ രാവിലെ അച്ഛനെ ഏല്പിച്ച് മണിക്കൂറുകൾക്കകമാണ് നിവേദിതയ്‌ക്ക് ദാരുണാന്ത്യം സംഭവിച്ചത്. വീട്ടുമുറ്രത്ത് ഓടിക്കളിക്കുന്ന നിവേദിതയുടെ മരണവാർത്ത ഞെട്ടലോടെയാണ് സമീപവാസികൾ കേട്ടത്.

കാത്തിരുന്ന് കിട്ടിയ മകൾ

രാജേഷ് - കവിത ദമ്പതികളുടെ കല്യാണം കഴിഞ്ഞ് അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് നിവേദിത ജനിച്ചത്. നിവേദിതയ്ക്ക് ഇഷ്ട്ടപ്പെട്ട പലഹാരങ്ങളെല്ലാം രാജേഷ് വീട്ടിൽ വരുമ്പോൾ കൊണ്ടുവരും. ആറു സെന്റിലെ ചെറിയ വീട്ടിലായിരുന്നു രാജേഷും അമ്മ ചന്ദ്രികയും ഭാര്യ കവിതയും മകൾ നിവേദിതയും താമസിച്ചിരുന്നത്. സ്വന്തമായി ഓട്ടോ വാങ്ങാൻ നിവൃത്തിയില്ലാതിരുന്ന രാജേഷ് കൂലിക്കാണ് ഓട്ടോ ഓടിച്ചിരുന്നത്. താമസിച്ചിരുന്ന വീടിന് കേടുപാടുകൾ സംഭവിച്ചതിനാൽ ഒന്നര വർഷം മുമ്പാണ് ചെറിയൊരു ഷെഡ് കെട്ടി സമീപത്തേക്ക് ഇവർ താമസം മാറിയത്. ഇതിനായി ബാങ്കിൽ നിന്ന് മൂന്ന് ലക്ഷം രൂപ വായ്‌പയെടുത്തിരുന്നു. പുലർച്ചെ മുതൽ ഓട്ടോയുമായി ജോലിക്കിറങ്ങും. ആശുപത്രികളിലേക്ക് ആവശ്യമായ പച്ചക്കറികൾ രാവിലെ ചാലക്കമ്പോളത്തിൽ നിന്നെത്തിച്ച ശേഷമാണ് രാജേഷ് ജോലിക്ക് പോകുന്നത്.

സ്‌കൂളിലും മിടുക്കി,​

അദ്ധ്യാപകർക്ക് പ്രിയങ്കരി

പഠനത്തിലും പെരുമാറ്റത്തിലും മുന്നിലായിരുന്ന നിവേദിത അദ്ധ്യാപകർക്കും പ്രിയങ്കരിയായിരുന്നു. അച്ഛന്റെ മൊബൈൽ വഴിയായിരുന്നു ഓൺലൈൻ ക്ളാസുകളിൽ പങ്കെടുത്തിരുന്നത്. ഓൺലൈൻ ക്ളാസുകളിൽ ആദ്യമെത്തുന്നതും നിവേദിയാണ്. സ്കൂൾ തുറക്കുമ്പോൾ ഇടാൻ മകൾക്കായി വാങ്ങിവച്ച പുത്തനുടപ്പ് അമ്മ കവിത സംസ്കാര ചടങ്ങിന് മുമ്പായി നൽകിയത് കണ്ടുനിന്നവർക്കും സഹിക്കാനായില്ല. നിവേദിത ഓമനിച്ച് വളർത്തിയ മുയൽക്കുട്ടികളുടെ അടുത്തായി സങ്കടം സഹിക്കാനാകാതെ രാജേഷ് തളർന്നിരിക്കുകയാണ്.