photo1

പാലോട്: പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ടതും ജില്ലാ കളക്ടറുടെ ഉത്തരവുപ്രകാരം സി കാറ്റഗറി നിയന്ത്രണങ്ങൾ നിലവിലുളളതുമായ പെരിങ്ങമ്മല പഞ്ചായത്തിൽ വെള്ളിയാഴ്ച മാത്രം കടകൾ തുറക്കാമെന്നിരിക്കെ ഇന്നലെ നിയമവിരുദ്ധമായി കടകൾ തുറന്നതിനും സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പ്രതിഷേധിച്ചതിനും കെ.ഇ.ഡി.ഒ, കേരള പൊലീസ് ആക്റ്റ്, ഇന്ത്യൻ ശിക്ഷാ നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരുപത്തിയഞ്ചോളം പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. എല്ലാ ദിവസവും കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കിയ ലോട്ടസ് ഫാൻസി ഗിഫ്റ്റ് സെന്റർ, കുട്ടിക്കുപ്പായം ഫാഷൻ സ്റ്റോർ, ലോട്ടസ് ലേഡീസ് വെയർ പർദ്ദ സെന്റർ, ആനന്ദ് ഓട്ടോ ഇലക്ട്രിക് വർക്സ്, കെ.എൽ.പി മോട്ടോർ വർക്സ്, മാസ് വെൽഡിംഗ് വർക്സ്, രചന സ്റ്റുഡിയോ, ചങ്ങാതി ഫാൻസി ഗിഫ്റ്റ് സെന്റർ, കാർത്തിക ജുവലറി പാലോട്, ഹൈഡ്രോളിക്സ് ആൻഡ് സ്പെയർസ്, കൂൾ ടെക് കാർ എസി സർവീസിംഗ്, റോയൽ ടൂവീലർ വർക്ക്സ്, ജർബ എൻജിനീയറിംഗ് വർക്സ്, ഹാല അലുമിനിയം ഫാബ്രിക്കേഴ്സ്, കുഴിവിള റബ്ബേഴ്സ്, ആഷിക് ടെക്സ്റ്റൈൽസ്, ചിന്നൂസ് ടെക്സ്റ്റൈൽസ്, ടി.ബി ജംഗ്ഷൻ മടത്തറ, മൊബൈൽ ഗ്യാലറി മടത്തറ, വൈറ്റ് മാർട്ട് ഹോം അപ്ലൈൻസസ് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് ലൈസൻസ് റദ്ദ് ചെയ്യൽ നടപടികളാരംഭിച്ചു. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പാലോട് ഇൻസ്പെക്ടർ സി.കെ.മനോജ് അറിയിച്ചു. എന്നാൽ യഥാസമയം കൊവിഡ് പോർട്ടലിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാത്ത പഞ്ചായത്തിനെതിരെയും ആരോഗ്യ വകുപ്പിനെതിരെയും നടപടിയെടുക്കണമെന്നും നാല്പതിൽ താഴെ രോഗികളുള്ള പഞ്ചായത്ത് എങ്ങനെ സി കാറ്റഗറിയായെന്നത് അന്വേഷിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

caption: കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേ പാലോട്ട് കഴിഞ്ഞ ദിവസം പൊലീസും വ്യാപാരികളുമായി നടന്ന സംഘർഷം