തിരുവനന്തപുരം: രാജ്യസേവനം ജീവിത വ്രതമാക്കുകയും സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും ഏറെ മൂല്യം നൽകുകയും ചെയ്‌ത കേണൽ ബലദേവ് കെ. വാസുദേവന്റെ ഓർമ്മകളിൽ വേദനിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഇക്കഴിഞ്ഞ 5ന് അന്തരിച്ച പട്ടം ചാലക്കുഴി റോഡ് ശ്രീ ചിത്തിര തിരുനാൾ നഗറിൽ ബലദേവ് ഏവർക്കും പ്രിയങ്കരനായിരുന്നു.
ചെറുപ്പം മുതൽ കായിക മത്സരങ്ങളിൽ സജീവമായിരുന്ന ബലദേവ് തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്ന് എൻവയൺമെന്റൽ എൻജിനീയറിംഗിൽ എം.ടെക് പാസായി. 23ാമത്തെ വയസിൽ സൈനികനായി ചേർന്നു. പൂനെയിൽ ബോംബ് ഡിസ്‌പോസൽ കോഴ്‌സിനുശേഷം രാഷ്ട്രപതിയുടെ ബോംബ് ഡിസ്‌പോസൽ കമാൻഡറായി നാലുവർഷത്തോളം സേവനമനുഷ്ഠിച്ചു. ഇതിനിടെയാണ് രാഷ്ട്രീയറൈഫിൾസിന്റെ ഭാഗമായി കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തതെന്ന് സഹോദരനും കുവൈത്തിൽ എൻജിനീയറുമായ ജയദേവ് പറയുന്നു.
യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ഷെൽ നിർവീര്യമാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ജമ്മുവിലെ സൈനിക ആശുപത്രിയിലേക്കു മാറ്റിയ ബലദേവ് രണ്ടുവർഷത്തോളം കഴിഞ്ഞാണ് നാട്ടിലെത്തിയത്. പിന്നീട് സതേൺ എയർകമാൻഡിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പാങ്ങോട് സൈനിക ക്യാമ്പിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചണ്ഡിഗഢിലെ സേവനത്തിനിടെ കേണൽ പദവിയിലുമെത്തി. രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗത്തുകൂടി 2500 കിലോമീറ്റർ സൈക്കിൾ സവാരി ചെയ്‌തും ശ്രദ്ധനേടി. 2019ൽ ചണ്ഡിഗഢിൽ ജോലിയിലിരിക്കെ സ്വയം വിരമിച്ചു. 24 വർഷമായിരുന്നു സൈനികജീവിതം. വായനാശീലമുണ്ടായിരുന്ന ബലദേവിന്റെ വീട്ടിൽ നിരവധി പുസ്തകങ്ങളുമുണ്ട്. വൃക്കയിലെ കല്ല് ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ബലദേവിന് നാലുമാസം മുമ്പ് പക്ഷാഘാതമുണ്ടായതിനെ തുടർന്ന് കോമയിലായിരുന്നു. കോലാട്ട് പരേതരായ കെ. വാസുദേവന്റെയും അംബിക നാരായണന്റെയും മകനാണ്. മൂന്നുമാസം മുമ്പാണ് അമ്മ അംബിക മരിച്ചത്. ഭാര്യ: സൂര്യ. മകൻ വെല്ലൂരിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായ കാർത്തിക് ബലദേവ്.